പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി; കണക്കനുസരിച്ച് കൂടുതല്‍ പേര്‍ എത്തുന്നത് നാലു ജില്ലകളിലേക്ക്

പ്രവാസികള്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രവാസികള്‍ തിരികെ വരുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട സജ്ജീകരണങ്ങള്‍ക്ക് സെക്രട്ടറി തല സമിതി രൂപീകരിച്ചു. പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പേരെത്തുക.

ഓരോ വിമാനത്തിലും വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുന്‍പ് തന്നെ ലഭ്യമാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.

കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഈ കമ്മിറ്റിയിലുണ്ടാകും. വിമാനത്താവളങ്ങളില്‍ വിപുലമായ പരിശോധനക്ക് സൗകര്യം ഉണ്ടാകും.

വൈദ്യപരിശോധന ലഭ്യമാക്കും. ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവമനക്കാരെയും നിയോഗിക്കും. തിക്കും തിരക്കുമില്ലാതെ എല്ലാ സുഗമമായി നടത്താന്‍ സൗകര്യം ഒരുക്കും. പൊലീസിന് ആവശ്യമായ ചുമതല നല്‍കി.

വിമാനത്താവളങ്ങളില്‍ ഡിഐജിമാരെ നിയോഗിക്കും. രോഗ ലക്ഷണം ഇല്ലാത്തവരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യും. അവരെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് വീടുകളില്‍ എത്തിക്കുന്നത് പൊലീസായിരിക്കും. നേരെ വീട്ടിലെത്തി എന്ന് ഉറപ്പാക്കാനാണിത്.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് വൈദ്യ പരിശോധന ഉറപ്പാക്കും. ഇക്കാര്യത്തില്‍ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഓരോ പഞ്ചായത്തിലും സൗകര്യവും ക്രമീകരണവും ഉണ്ടാകും. ടെലിമെഡിസിന്‍ സൗകര്യം ഉണ്ടാകും.

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ഏര്‍പ്പെടുത്തും. ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ ഇടവേളകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ വീടുകളില്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News