പ്രതിപക്ഷത്തെ നിയന്ത്രിക്കുന്നത് രമേശ് ചെന്നിത്തല-വി മുരളീധരൻ അച്ചുതണ്ട്; വാര്‍ഡ് വിഭജനം ഇപ്പോള്‍ സാധ്യമല്ല; നിലവിലെ വാര്‍ഡുകള്‍ വച്ച് ഒക്ടോബറില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണം: കോടിയേരി ബാലകൃഷ്ണന്‍

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നിലവിലെ വാർഡുകൾ വച്ച് ഒക്ടോബറിൽ തന്നെ നടത്തണമെന്ന് കോടിയേരി ബാലകൃഷ്ണൻ, പുതിയ നിയമ പ്രകാരം വാർഡ് വിഭജനം നിലവിൽ പ്രായോഗികമല്ല, പ്രതിപക്ഷത്തെ നിയന്ത്രിക്കുന്നത് രമേശ് ചെന്നിത്തല -വി മുരളീധരൻ അച്ചുതണ്ടെന്നും കോടിയേരി

നിലവിലെ വാർഡുകൾ വച്ച് തന്നെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ഒക്ടോബറിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തണം. പുതിയ നിയമം അനുശാസിക്കുന്ന വാർഡ് വിഭജനം പുതിയ സാഹചര്യത്തിൽ പ്രായോഗികമല്ല. നിയമം മറി കടക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ട് വരണമെന്നും കോടിയേരി വ്യക്തമാക്കി.

കൊറോണ പ്രതിരോധത്തിൽ മുൻനിരയിൽ ആണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ. കേരളം പോലുള്ള സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് തള്ളി വിടുന്നത് ശരിയല്ല എന്നും കോടിയേരി ചൂണ്ടിക്കാട്ടി.

പുതിയ സാഹചര്യത്തിൽ ഇതാദ്യമായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎം നിലപാട് വ്യക്തമാക്കുന്നത്. കൈരളി ടീവി ചീഫ് എഡിറ്റർ ജോൺ ബ്രിട്ടാസിനു നൽകിയ അഭിമുഖത്തിൽ ആണ് കോടിയേരി ഇക്കാര്യങ്ങൾ പറഞ്ഞത്‌.

നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടൊപ്പം നീങ്ങുമെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ പ്രതിപക്ഷം ലക്ഷ്യമിട്ടത് തരംതാണ രാഷ്ട്രീയം ആണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ ഏശാതെ വന്നപ്പോഴാണ് കുടുംബത്തെ വലിച്ചിഴച്ചത്.

ഇത്തരം രാഷ്ട്രീയത്തോട് സിപിഐഎമ്മിന് എന്നും എതിർപ്പാണ്. കെ കരുണാകരനെ പിന്തുടർന്ന് വേട്ടയാടിയവർ ആണ് ഇന്നു കോൺഗ്രസിന്റെ അമരത്ത്. അവരിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.

ബിജെപിയുടെ ബി ടീം ആണ് സംസ്ഥാനത്ത് കോൺഗ്രസ്‌ എന്ന് കോടിയേരി ആരോപിച്ചു. സ്പ്രിങ്ക്ലർ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇരു പാർട്ടികളും ഒത്തു കളിച്ചു. രമേഷ് ചെന്നിത്തലയുടെ ഹർജിക്ക് പിന്തുണ നൽകും വിധമാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നിലപാട് എടുത്തത്.

രമേഷ് ചെന്നിത്തല -വി മുരളീധരൻ കൂട്ടുകെട്ടാണ് പ്രതിപക്ഷത്തെ ഇപ്പോൾ നിയന്ത്രിക്കുന്നത്. ബിജെപി സംസ്ഥാന പ്രെസിഡന്റ്റ് കെ സുരേന്ദ്രനെ മിണ്ടാൻ പോലും അനുവദിക്കാതെ കേന്ദ്ര മന്ത്രി വി മുരളീധരൻ ദൈനംദിന രാഷ്ട്രീയ അഭിപ്രായങ്ങൾ നടത്തുക ആണെന്ന് കോടിയേരി പരിഹസിച്ചു.

മഹാമാരി രാഷ്ട്രീയ പാർട്ടികൾക്ക് മേൽ വലിയ ഉത്തരവാദിത്വം ആണ് നൽകിയിരിക്കുന്നത്.പുതിയ വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കേണ്ടി വരും.

കേരളം സാമ്പത്തികമായി പ്രതിസന്ധിയിൽ ആണെങ്കിലും കോവിഡിന് ശേഷമുള്ള കാലം ധാരാളം സാധ്യതകൾ തുറന്നിടുന്നുണ്ട്. ഇത് വിവാദങ്ങൾ മൂലം ഇല്ലാതാക്കരുതെന്നും കോടിയേരി അഭ്യർത്ഥിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News