കാരുണ്യത്തിന്റെ പത്തരമാറ്റ്: ശാരീരിക വിഷമതകളെ അതിജീവിച്ച് മുന്നേറുന്ന പുജിത് കൃഷ്ണയുടെ ദുരിതാശ്വാസ സഹായം

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് പറയുന്നവര്‍ ഈ ഒമ്പതാം ക്ലാസ്സുകാരന്റെ നല്ല മനസ്സ് കാണണം. ശാരീരിക വിഷമതകളെ അതിജീവിച്ച് കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച പുജിത് കൃഷ്ണ
മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് 5001 രൂപ.

തന്റെ ചെറു സമ്പാദ്യവും വിഷുകൈനീട്ടമായി ലഭിച്ച തുകയും ചേര്‍ത്ത് 5001 രൂപയാണ് സംഭാവന നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെറിയ തുകകള്‍ സംഭാവന നല്‍കുന്നവര്‍ക്കായി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് ഒരുക്കിയ കളക്ഷന്‍ സെന്ററിലേക്ക് വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് പ്രസിഡെന്റ് അഡ്വ.എ.എന്‍.സന്തോഷും സെക്രട്ടറി എം.എന്‍.ലാജി, ഭരണ സമിതിയംഗം കെ.ജി.സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പൂജിതിന്റെ വീട്ടില്‍ ചെന്ന് തുക കൈപ്പറ്റുകയായിരുന്നു.

പാടിവട്ടം പാവൂര്‍ റോഡില്‍ ബിജുവിന്റെയും അണിമയുടെയും മകനായ പുജിത് ജന്മനാ ശരീരത്തിലെ പേശികള്‍ ശോഷിക്കുന്ന മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗിയാണ്. പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കുവാനോ ഇരിക്കുവാനോ കഴിയില്ല. കിടന്നു കൊണ്ടാണ് പഠിച്ചത്. അദ്ധ്യാപകര്‍ വീട്ടില്‍ എത്തിയാണ് പഠിപ്പിച്ചിരുന്നത്.

സ്വന്തമായി എഴുതാന്‍ കഴിയാത്തതിനാല്‍ അതേ സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പുജിതിന് വേണ്ടി പരീക്ഷയെഴുതിയത്. പരീക്ഷക്കായി പഠിച്ചതെല്ലാം കിടന്നു കൊണ്ട് പറഞ്ഞു കൊടുക്കുകയായിരൂന്നു.

ഏഴു വിഷയത്തിന് ഏ പ്ലസ്, ഒരു വിഷയത്തിന് ‘എ’, രണ്ടു ബി ‘പ്ലസും നേടി മികച്ച വിജയം കൈവരിച്ച പുജിത് ഇപ്പോള്‍ വെണ്ണല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here