കേരളത്തിന്റെ കരുതലില്‍ കുഞ്ഞുഹൃദയം പൂര്‍ണ ആരോഗ്യത്തോടെ ജന്മനാട്ടിലേക്ക് മടങ്ങി

കൊച്ചി: ഗുരുതര ഹൃദ്രോഗവുമായി തമിഴ്‌നാട്ടില്‍ നിന്നും കൊച്ചിയിലെത്തിച്ച നവജാത ശിശു വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി. ജന്മനാ ഹൃദ്രോഗിയായിരുന്ന കുഞ്ഞിനെ നാഗര്‍കോവില്‍ നിന്നും രണ്ടാഴ്ച മുമ്പായിരുന്നു എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന അതിര്‍ത്തി അടച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഇടപെടലാണ് കുഞ്ഞുജീവന് തുണയായത്.

കേരളത്തിന്റെ വലിയ കരുതലും പരിചരണവും അനുഭവമാക്കി ആ കുഞ്ഞുഹൃദയം പൂര്‍ണ ആരോഗ്യത്തോടെ ജന്മനാട്ടിലേക്ക് മടങ്ങി. രണ്ടാഴ്ച മുമ്പാണ് ഗുരുതര ഹൃദ്രോഗവുമായി മണിക്കൂറുകള്‍ മാത്രം പ്രായമുളള നവജാതശിശുവിനെ നാഗര്‍കോവിലിലെ ഡോ. ജയഹരണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചത്.

ശുദ്ധരക്തവും അശുദ്ധ രക്തവും വഹിക്കുന്ന ധമനികള്‍ പരസ്പരം മാറിയ നിലയിലായിരുന്നു. അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കുട്ടി സാധാരണ നിലയിലേക്ക് തിരിച്ചുവന്നതായി ഡോ.ജി എസ് സുനില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്നാണ് കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സംസ്ഥാന അതിര്‍ത്തികള്‍ ഭേദിച്ച് കുരുന്ന് ജിവന് ചികിത്സ നല്‍കാനായത്.

കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചാണ് കുഞ്ഞു ഫസ്‌റിനെ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്. കുഞ്ഞിന്റെ അമ്മ ഇപ്പോഴും നാഗര്‍കോവില്‍ ആശുപത്രിയിലാണുളളത്. അച്ഛനും മുത്തശ്ശനും കുഞ്ഞിനൊപ്പം എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News