ഇന്ന് 10 പേര്‍ക്ക് കൊറോണ; 10 പേര്‍ രോഗമുക്തര്‍; രണ്ടു ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധി, വരുമാനം ഗണ്യമായി ഇടിഞ്ഞെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊല്ലത്ത് ആറു പേര്‍ക്കും തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടു പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍ഗോഡാണ് ദൃശ്യമാധ്യമപ്രവര്‍ത്തകന് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊല്ലത്തെ അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഒരാള്‍ ആന്ധ്രയില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. കാസര്‍ഗോഡ് രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വന്നത്.

10 പേര്‍ രോഗമുക്തരായെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ മൂന്നു വീതവും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.

നിലവില്‍ 123 പേര്‍ ചികിത്സയിലുണ്ട്. 20,673 പേര്‍ നിരീക്ഷണത്തിലുണ്ട്. 20,172 പേര്‍ വീടുകളിലും 51 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് 84 പേരെ ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂരില്‍ 47 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കോട്ടയത്ത് 18, കൊല്ലം 15, ഇടുക്കി 14, കാസര്‍ഗോഡ് 13, തിരുവനന്തപുരം 2 പത്തനംതിട്ട 2, എറണാകുളം 1, പാലക്കാട് 6, മലപ്പുറം 1, കോഴിക്കോട് അഞ്ച് എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം. തൃശൂര്‍, ആലപ്പുഴ, വയനാട് ജില്ലകളില്‍ ആരും ചികിത്സയില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താശേഖരം വളരെ കരുതലോടെയാക്കാനും അപകടം ഒഴിവാക്കാനും മാധ്യമപ്രവര്‍ത്തകര്‍ വളരെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം നേരത്തേയും പലവട്ടം മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍, കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ എന്നീ പഞ്ചായത്തുകളേയും ഉള്‍പ്പെടുത്തി. നിലവില്‍ 108 ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ട്. ഇതില്‍ 28 എണ്ണം കണ്ണൂരിലും ഇടുക്കിയില്‍ 15 എണ്ണവുമാണ്.

സംസ്ഥാനം അസാധാരണ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി താങ്ങാനാവത്താതാണ്. വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടായി.

പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങളിലൊന്ന് എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അടുത്ത അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു നിയമപ്രാബല്യം പോരാ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

എംഎല്‍എമാര്‍ക്ക് പ്രതിമാസം ലഭിക്കുന്നന തുകയിലും ഹോണറോറിയത്തിലും കുറവ് വരുത്തും. കൊവിഡിന്റെ സാഹചര്യത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിനുള്ള വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാന്‍ തടസമുണ്ട്.

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പുതുതായി ഒരു വാര്‍ഡ് രൂപികരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് വാര്‍ഡ് വിഭജനം നടത്തണം. പക്ഷേ കൊവിഡിന്റെ സാഹചര്യത്തില്‍ അതു നടക്കില്ല. അതിനാല്‍ നിലവിലുള്ള വാര്‍ഡുകള്‍ വച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

”സാഹചര്യം മനസിലാക്കണം, സമരങ്ങള്‍ ഒഴിവാക്കണം”

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുഖ്യമന്ത്രി പറയുന്നു:

”സമരങ്ങള്‍ വീണ്ടും സജീവമായി വരുന്നതായി കാണുന്നു. സമരം ജനാധിപത്യ അവകാശമാണ്. പക്ഷെ സാഹചര്യം മനസിലാക്കണം. ഒഴിവാക്കാന്‍ ആവുന്നവ ഒഴിവാക്കണം. സമരം ചെയ്യുന്നവരുടെ സുരക്ഷിതത്വവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ ഒഴിവാക്കണം. ചില സ്ഥലങ്ങളില്‍ ഇരച്ചുകയറ്റവും മറ്റും കാണുന്നുണ്ട്. പൊലീസുകാര്‍ക്ക് സമരക്കാരുമായി ശാരീരികമായി ഇടപെടേണ്ട സാഹചര്യമുണ്ടാക്കരുത്. ”

ജനങ്ങളെ പേടിപ്പിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍; നടപടി ശക്തമാക്കും

കൊവിഡ് കാലത്ത് വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി ശക്തമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രി പറയുന്നു:

”ഓരോ വാര്‍ത്തയും പരിശോധിച്ച് സത്യം ജനങ്ങള്‍ക്ക് അറിയിക്കുകയാണ് ലക്ഷ്യം. ഇതിനു മാധ്യമങ്ങളുടെ സഹായം തേടിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ തോതില്‍ പ്രചാരണം നടക്കുന്നു. ചാത്തനൂരില്‍ വലിയ തോതില്‍ രോഗം പടരുന്നതായുള്ള പ്രചാരണം ഇന്ന് ശ്രദ്ധയില്‍പ്പെട്ടു. കൊവിഡ് അനിയന്ത്രിതമായ സാഹചര്യം എവിടെയും ഇല്ല. എന്നിട്ടും ജനങ്ങളെ പേടിപ്പിക്കുന്ന പ്രചാരണം ഉണ്ടാവുന്നത് അനുവദിക്കാനാവാത്ത ദുഷ്പ്രവണതയാണ്. സമൂഹമാധ്യമങ്ങളില്‍ അത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും. മറ്റു മാധ്യമങ്ങളും ഇത്തരം പ്രചാരണങ്ങള്‍ നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News