കുടുക്ക പൊട്ടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പാർവ്വതി; കുരുന്നു കരുതലിന് പൊലീസിന്റെ സമ്മാനം

കൊച്ചി: കൊച്ചു കൊച്ച് ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി കുടുക്കയിൽ ഇട്ട് കൂട്ടി വെച്ച തുക തന്റെ ആഗ്രഹങ്ങൾ മാറ്റി വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി മാതൃകയായിരിക്കുകയാണ് പാർവ്വതി എന്ന കൊച്ചു പെൺകുട്ടി.

എറണാകുളം ലക്ഷ്മി ആശുപത്രിയ്ക്ക് സമീപം താമസിക്കുന്ന കൃഷ്ണന്റെ മകൾ പാർവ്വതി കൃഷ്ണനാണ് തന്റെ സമ്പാദ്യമായ 3377/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ 7-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് പാർവ്വതി

കുടുക്കയിലുള്ള തുക മുഖ്യമന്ത്രിയ്ക്ക് കൈമാറണമെന്ന ആവശ്യവുമായി പാർവ്വതി, അമ്മ പത്മകുമാരിയുമൊന്നിച്ച് കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. കേരള പോലീസിലെ അങ്കിൾമാരുടെ അർപ്പണ ബോധത്തിനും, മാനുഷിക പരിഗണനയ്ക്കും ഉള്ള കേരള ജനതയുടെ നന്ദി രേഖപ്പെടുത്തുന്ന കത്തും ഒപ്പമുണ്ടായിരുന്നു.

പാർവ്വതി കൊണ്ടുവന്ന കുടുക്ക പൊട്ടിച്ച് പോലീസുകാർ നാണയത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി. തുടർന്ന് തഹസിൽദാർ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു.

വിഷുകൈനീട്ടമായി കിട്ടിയതും, ഇടയ്ക്കിടെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതുമായ നാണയത്തുട്ടുകളായിരുന്നു പാർവ്വതി കുടുക്കയിൽ ഇട്ട് സൂക്ഷിച്ചിരുന്നത്.

എറണാകുളം ഡി.എച്ച്. ഗ്രൗണ്ടിൽ വർഷങ്ങളായി കരിക്ക് കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരാണ് പാർവ്വതിയുടെ മാതാപിതാക്കളെ ന്നറിയുമ്പോഴാണ് പാർവ്വതിയുടെ മാനുഷികതയുടെ മഹത്വമേറുന്നത്.

പാർവതിയുടെ വലിയ മനസ്സിന് ഒരു നല്ല സമ്മാനം നൽകണമെന്ന് പോലീസുകാരും തീരുമാനിച്ചു. വൈകിട്ട് ഒരു എൽ ഇ ഡി ടിവി യുമായി അസിസ്റ്റൻ്റ് കമ്മീഷണർ ലാൽജിയും സംഘവും പാർവ്വതിയുടെ വീട്ടിലെത്തി. സെൻട്രൽ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരുടെ സമ്മാനമായിരുന്നു അത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News