കൊറോണ വൈറസ്; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്

കൊറോണ വൈറസ് ഇന്ത്യയിൽ ആകെ കേസുകൾ 31,787 ആയി ഉയരുമ്പോൾ ഏറ്റവും കൂടുതൽ രോഗബാധിത പ്രദേശമായി ഇപ്പോഴും മഹാരാഷ്ട്ര തുടരുന്നു. 597 പുതിയ കേസുകളാണ് സംസ്ഥാനം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനായിരം കടക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ബൈക്കുള റെയിൽവേ ആശുപത്രിയിലെ മലയാളികളായ രണ്ടു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും.

പോലീസ് ഉദ്യോഗസ്ഥരിലേക്കും രോഗവ്യാപനം വർധിക്കുകയും. മൂന്ന് പോലീസുകാർക്ക് മരണം സംഭവിച്ചതോടെ അതീവ ജാഗ്രതയിലാണ് നഗരം.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 14 പുതിയ കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്ത് രോഗികളുടെ എണ്ണം 344 ആയി ഉയർന്നുവെന്ന് ബിഎംസി ഉദ്യോഗസ്ഥർ പറഞ്ഞു.

നൂറോളം മലയാളി കുടുംബങ്ങളാണ് മരണ ഭീതിയിൽ കഴിയുന്നത്. 250 ചതുരശ്ര അടി മുറിയിൽ പത്തും പന്ത്രണ്ടും പേരാണ് പുറത്തിറങ്ങാനോ സഹായം തേടാനോ കഴിയാതെ വലയുന്നത്. അത്യാവശ്യ സാധനങ്ങൾ വാങ്ങിയിരുന്ന ചെറിയ കടയുടെ ഉടമ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചതും പരിഭ്രാന്തി വർദ്ധിപ്പിച്ചിരിക്കയാണ്.

ബോംബെ കേരളീയ സമാജവും എസ് എൻ ഡി പി യോഗവുമാണ് ഇവർക്ക് ഭക്ഷണത്തിനുള്ള ഏർപ്പാടുകൾ ചെയ്യുന്നത്. മലയാളി സാമൂഹിക പ്രവർത്തകർ ഇടപെട്ട് ഇവരെ പുനരധിവസിപ്പിക്കുവാനുള്ള നടപടികൾക്ക് ശ്രമം നടക്കുന്നുണ്ട്.

എട്ടു ലക്ഷത്തിലധികം ജനങ്ങൾ തിങ്ങി പാർക്കുന്ന ഈ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ പോലും പ്രയോഗികമാക്കല്ലാത്ത അവസ്ഥയിൽ പകച്ചു നിൽക്കുകയാണ് ആരോഗ്യ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും.

ബിഎംസി അസസ്മെന്റ് ഡിപ്പാർട്ട്‌മെന്റിലെ മധുകർ ഹരിയാൻ മാരകമായ വൈറസിന് ഇരയായി മരണപ്പെട്ടതും ബിഎംസി ജീവനക്കാരിൽ ആശങ്ക പടർത്തിയിരിക്കയാണ്.

ഇതിനിടെ മഹാരാഷ്ട്രയില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം ഒഴിയേണ്ടി വരുമെന്ന് സൂചനയും ശക്തമായിരിക്കയാണ്. ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി മുഖ്യമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന സര്‍ക്കാറിന്റെ ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കാത്തതാണ് ഉദ്ധവിന്റെ ഭാവി തുലാസിലാക്കിയിരിക്കുന്നത്.

മുന്‍ ബി.ജെ.പി നേതാവു കൂടിയായ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി സര്‍ക്കാറിന്റെ ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. ഇതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

എന്‍.സി.പിയുടെ അജിത് പവാര്‍, ജയന്ത് പാട്ടീല്‍, ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെ, അനില്‍ പരഭ്, കോണ്‍ഗ്രസിന്റെ ബാലാസാഹെബ് തോറത്, അസ്‌ലം ഷേക്ക് തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം വിഷയത്തില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവര്‍ണര്‍ ഇടഞ്ഞു നില്‍ക്കുന്നത് തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News