ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കല്‍; ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മാറ്റിവയ്ക്കുന്ന ഓര്‍ഡിനന്‍സിന് അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടു. മെയ് നാല് മുതല്‍ ശമ്പള വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

കേരള ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് എമര്‍ജന്‍സി സ്പെഷ്യല്‍ പ്രൊവിഷന്‍സ് ആക്ട് അനുസരിച്ചാണ് ഓര്‍ഡിനന്‍സിലൂടെ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു വിഹിതം സര്‍ക്കാര്‍ മാറ്റിവയ്ക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മാറ്റിവെക്കുന്നതിന് സര്‍ക്കാര്‍ നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സിന് രൂപം നല്‍കിയത്. ഓര്‍ഡിനന്‍സിന് അംഗീകാരമായതോടെ ശമ്പളവിതരണത്തിന്റെ നടപടികള്‍ ആരംഭിച്ചതായി ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

മാറ്റുന്ന ശമ്പളം എന്ന് തിരികെ നല്‍കുമെന്നത് ആറ് മാസത്തിനകം പറയും. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും ധനമന്ത്രി പ്രതികരിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാകും സര്‍ക്കാര്‍ ഈ തുക വിനിയോഗിക്കുക. മന്ത്രിമാര്‍, എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ പ്രതിമാസ ശമ്പളത്തിന്റെ 30 ശതമാനമാകും ഓര്‍ഡിനന്‍സ് പ്രകാരം കുറയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News