കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് സോഷ്യല്‍ മീഡിയ കൂട്ടായ്മ; ഗ്രൂപ്പംഗങ്ങളുടെ എണ്ണത്തിനൊത്ത തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന; ചലഞ്ച് ഏറ്റെടുത്ത് ചരിത്രമാക്കി അംഗങ്ങള്‍

സമൂഹ മാധ്യമ കൂട്ടായ്മകള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും മാത്രമുള്ള ഇടമല്ലെന്നും സാമൂഹ്യ നന്‍മയ്ക്ക് ഇത്തരം കൂട്ടായ്മകളെ എങ്ങിനെ ഉപയോഗിക്കാമെന്നും തെളിയിക്കുകയാണ് പ്രോഗ്രസീവ് മൈന്‍ഡ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്.

കൊവിഡ് – 19 പ്രതിസന്ധിയെ മറികടക്കാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സര്‍ക്കാരിനൊപ്പം കൈകോര്‍ക്കുകയാണ് ഗ്രൂപ്പ്. 31,000 അംഗങ്ങളുള്ള ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചുള്ള തുക ഗ്രൂപ്പ് അഡ്മിന്‍മാരും ആക്ടീവായ അംഗങ്ങളും സംഭാവന നല്‍കിക്കൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള ചലഞ്ച് ഗ്രൂപ്പില്‍ മുന്നോട്ട് വെച്ചത്.

അഡ്മിന്റെ ചലഞ്ച് ഏറ്റെടുത്ത് നിരവധി ഗ്രൂപ്പംഗങ്ങള്‍ സംഭാവന നല്‍കി പിന്നാലെയെത്തി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ റസീപ്റ്റും കമന്റായി ഓരോരുത്തരും പങ്കുവെച്ചിട്ടുണ്ട്.

കൊവിഡ് – 19 ന്റെ സാഹചര്യത്തില്‍ കേരളത്തിന് വരാനിരിക്കുന്ന വര്‍ഷമുണ്ടാകാന്‍ പോകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും തൊഴില്‍ നഷ്ടത്തെക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ പാക്കേജിലെ അവഗണനയെക്കുറിച്ചുമെല്ലാം ചലഞ്ച് പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ വര്‍ഗീയ പ്രചാരണങ്ങളിലൂടെയും, നുണകളിലൂടെയും വിഷം തുപ്പുന്ന ജീവികളെ അര്‍ഹിക്കുന്ന അവഗണനയോടെ മാറ്റി നിര്‍ത്തി നമുക്ക് ഈ ദുരന്തത്തെ അതിജീവിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് ചലഞ്ചിലൂടെ നല്‍കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന ലിങ്കുകളും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

1. www.kerala.gov.in
2. www.cmo.kerala.gov.in
3. www.cmdrf.kerala.gov.in

പ്രോഗ്രസീവ് മൈന്‍ഡ്‌സിന്റെ മാതൃകാപരമായ ഇടപെടല്‍ നിരവധി ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ ഇതിനകം ഏറ്റെടുത്ത് കഴിഞ്ഞു.

പ്രോഗ്രസിവ് മൈന്‍ഡ്സ് ന്റെ ചലഞ്ച് ഏറ്റെടുത്തു കൊണ്ട് മൂവി സ്ട്രീറ്റ്, സൈബര്‍ ട്രോലേഴ്സ്, ട്രോള്‍ റിപ്പബ്ലിക് റോയല്‍ സ്‌പോര്‍ട്‌സ് അരീന എന്നീ ഗ്രൂപ്പുകള്‍ നിലവില്‍ മുന്നോട്ട് വന്നിട്ടുണ്ട്. പ്രോഗ്രസിവ് മൈന്‍ഡ്സ്‌ന്റെ ചലഞ്ചിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here