പ്രവാസികളെ രണ്ട് ഘട്ടമായി മടക്കി കൊണ്ട് വരാനുള്ള ആലോചനയുമായി വിദേശകാര്യ മന്ത്രാലയം

പ്രവാസികളെ രണ്ട് ഘട്ടമായി മടക്കി കൊണ്ട് വരാന്‍ വിദേശകാര്യ മന്ത്രാലയം ആലോചിക്കുന്നു. ഗള്‍ഫടക്കം 24 രാജ്യങ്ങളില്‍ ഉള്ളവരെ ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ എത്തിക്കും.

കപ്പല്‍, വിമാനമാര്‍ഗമാണ് എത്തിക്കുക. അതെ സമയം മെയ് പകുതിയോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രെജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിരുന്നു.

ലക്ഷത്തിലേറെ പേര്‍ ഇത് വരെ രജിസ്റ്റര്‍ ചെയ്തുവെന്നാണ് അനൗദ്യോഗിക കണക്ക്. സംസ്ഥനങ്ങള്‍ മുഖേനയും അനവധി പേര്‍ മടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇവരെ എല്ലാവരെയും എത്തിക്കാന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം കണക്ക് കൂട്ടുന്നത്.

ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍ തുടങ്ങിയ 24 രാജ്യങ്ങളില്‍ നിന്നുള്ളവരെ ആദ്യഘട്ടമായും, അമേരിക്കയും സമീപമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ രണ്ടാം ഘട്ടമായും ഒഴിപ്പിക്കും.

മടക്കം എങ്ങനെ എന്നതടക്കമുള്ള എല്ലാ രൂപ രേഖകളും തയാറായെങ്കിലും മടക്കത്തിനുള്ള തിയതി തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. അതിനായി കാത്തു നില്‍ക്കുകയാണ് പ്രവാസികള്‍.

അതെ സമയം കോവിഡിനെ തുടര്‍ന്ന് നിലച്ചു പോയ വിമാന സര്‍വീസ് അടുത്ത മാസം പകുതിയോടെ തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. സര്‍വീസിനായുള്ള പൈലറ്റുമാരോടും ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ എയര്‍ ഇന്ത്യ നിര്‍ദേശം നല്‍കി.

ആഭ്യന്തര, അന്താരാഷ്ട്ര സെര്‍വീസുകള്‍ക്കായുള്ള സുരക്ഷ പാസിനായി എയര്‍ ഇന്ത്യ ശ്രമം ആരംഭിച്ചു. പ്രവാസികളെ എത്തിക്കുന്നതിനായി ഒരുങ്ങി ഇരിക്കാന്‍ നേരത്തെ എയര്‍ ഇന്ത്യയോട് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here