മാധ്യമസ്ഥാപനങ്ങള്‍ക്കുള്ള കുടിശ്ശിക 53 കോടി രൂപ അനുവദിക്കുന്നു; ഒരു മാധ്യമപ്രവര്‍ത്തകന്റെയും തൊഴില്‍ നഷ്ടമാകരുത്: തോമസ് ഐസക്‌

വാർത്തകളുടെ ഈ പ്രളയകാലത്ത് മാധ്യമസ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും പത്രലേഖകർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യരുതെന്ന് മന്ത്രി തോമസ് ഐസക്.

മാധ്യമസ്ഥാപനങ്ങൾക്ക് നൽകാനുണ്ടായിരുന്ന 53 കോടി രൂപയുടെ പരസ്യകുടിശിക പിആർഡി കൊടുത്തു തീർക്കുകയാണെന്നും അദ്ദേഹം പറയുന്നു.

തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

കോവിഡ് നിശ്ചലമാക്കിയ സമ്പദ് വ്യവസ്ഥയിൽ താഴു വീണ സ്ഥാപനങ്ങളും ഉപജീവനമാർഗം നഷ്ടപ്പെട്ട തൊഴിലാളികളും അനേകമാണ്. അക്കൂട്ടത്തിൽ മാധ്യമസ്ഥാപനങ്ങളും ജേർണലിസ്റ്റുകളുമുണ്ട്.

കോവിഡ് കാലത്ത് വാർത്തകൾ വന്നു മറിയുകയാണ്. വാർത്തയ്ക്കൊരു പഞ്ഞവുമില്ല. പക്ഷേ, വാർത്തകളുടെ ഈ പ്രളയകാലത്ത് മാധ്യമസ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും പത്രലേഖകർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യുന്നു.

സമ്പദ് വ്യവസ്ഥ നിശ്ചലമായി നിൽക്കുകയാണ്. പത്രസ്ഥാപനങ്ങൾ നിലനിൽക്കുന്നത് പരസ്യവരുമാനത്തിലും. അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങൾക്ക് ആരും പരസ്യം ചെയ്യില്ലല്ലോ. നമ്മുടെ വർത്തമാനപത്രങ്ങൾ നോക്കൂ.

പതിനെട്ടും ഇരുപത്തിനാലും പേജുകളുണ്ടായിരുന്നത് എട്ടും പത്തുമായി ചുരുങ്ങി. പരസ്യവരുമാനം നിലച്ചതോടെ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയോ ലേ ഓഫ് ചെയ്യുകയോ ചെയ്തു. ശമ്പളം കൊടുക്കാൻ പണമില്ലാതായാൽ, തൊഴിലാളിയെ പിരിച്ചുവിടുകയാണ് ഉടമകൾ ചെയ്യുന്നത്.

ഈ അവസരത്തിൽ കേരളത്തിലെ മാധ്യമസ്ഥാപനങ്ങളെ സർക്കാരിനെങ്ങനെയാണ് സഹായിക്കാൻ കഴിയുക. ഒരാളുടെയും പണി പോകരുത് എന്നാണ് സർക്കാരിന്റെ നിലപാട്. ഈ സാഹചര്യം മുൻനിർത്തി, മാധ്യമസ്ഥാപനങ്ങൾക്ക് നൽകാനുണ്ടായിരുന്ന 53 കോടി രൂപയുടെ പരസ്യകുടിശിക പിആർഡി കൊടുത്തു തീർക്കുകയാണ്. ഈ തുക തൊഴിലാളികൾക്ക് വേതനം നൽകാൻ മാധ്യമസ്ഥാപനങ്ങൾ ഉപയോഗിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here