‘സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍’; അവകാശ സ്മരണപുതുക്കി ഇന്ന് മെയ്ദിനം

സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്നാഹ്വാനം ചെയ്ത് വീണ്ടും മെയ്ദിനം. ലോകയുദ്ധത്തേക്കാള്‍ വലിയ മഹാമാരിയുടെ കെടുതികള്‍ക്ക് നടുവില്‍ നിന്നുകൊണ്ടാണ് ലോക തൊഴിലാളി വര്‍ഗ്ഗം ഇന്ന് മെയ്ദിനം ആചരിക്കുന്നത്.

1886ല്‍ അമേരിക്കയിലെ ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ ഓര്‍മ പുതുക്കലാണ് ലോകം തൊഴിലാളി ദിനമായി ആചരിക്കുന്നത്. എട്ടുമണിക്കൂര്‍ ജോലി സമയം എന്ന ആവശ്യവുമായി സമരം ചെയ്തവരെ ചിക്കാഗോ പൊലീസ് വെടിവെച്ചു വീഴ്ത്തി.

അന്ന് ചിക്കാഗോ തെരുവില്‍ പിടഞ്ഞു വീണവരില്‍ നിന്നാണ് പിന്നീട് ലോകം ഏറ്റവും ഉജ്ജ്വലമായ പ്രഭാതത്തിലേക്ക് ഉണര്‍ന്നെണീറ്റത്- എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം. ചിക്കാഗോ രക്തസാക്ഷികളെ ഓര്‍മ്മിച്ച് 1889-ല്‍ പാരീസില്‍ ചേര്‍ന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോണ്‍ഗ്രസാണ് ആദ്യമായി മെയ് ദിനം ആചരിച്ചത്.

അന്നുതൊട്ട് ഇങ്ങോട്ട് രണ്ട് ലോകയുദ്ധങ്ങള്‍ നേരിട്ടിട്ടും ഉലഞ്ഞിട്ടില്ലാത്ത ലോക തൊഴിലാളിവര്‍ഗ്ഗം മനുഷ്യ വംശം ഇതുവരെയും അഭിമുഖീകരിച്ചിട്ടില്ലാത്ത മറ്റൊരു പോരാട്ടനിലത്തിന്റെ നടുവിലാണ് ഇപ്പോള്‍. അവകാശപ്പോരാട്ടങ്ങള്‍ക്കായി തൊഴിലാളികള്‍ രക്തസാക്ഷികളായ ചിക്കാഗോ നഗരം സ്ഥിതി ചെയ്യുന്ന അമേരിക്കയില്‍ കോവിഡ് 19 കൊന്നൊടുക്കിയത് 62000 മനുഷ്യ ജീവനുകളെയാണ്.

മുതലാളിത്തത്തിന്റെ സകലമാന കോട്ടകളും തകര്‍ന്നടിയുമ്പോള്‍ മനുഷ്യ ചരിത്രം ഇന്നുവരെ കണ്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ മുനമ്പില്‍ നില്‍ക്കുകയാണ്.. പതിവുപോലെ പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ തൊഴിലാളികളുടെ മേല്‍ കെട്ടിവേച്ചേക്കാമെന്നത് ഒരു അസാധ്യതയേയല്ല. ശതകോടിക്കണക്കിന് തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ നിലങ്ങളില്‍ എങ്ങോട്ടെന്നില്ലാതെ പറിച്ചറിയപ്പെടുന്ന അനിശ്ചിതത്വങ്ങളാണ് കാത്തിരിക്കുന്നത്.

അവകാശങ്ങളും ആനുകൂല്യങ്ങളും പഴങ്കഥകളായേക്കാം. മുതലാളിത്തം അതിന്റെ സര്‍വ്വദംഷട്രകളും പൂര്‍വ്വാധികം ശക്തിയോടെ പുറത്തെടുത്തേക്കാം. അപ്പോഴും ലോക തൊഴിലാളി വര്‍ഗ്ഗത്തിന് ഏറ്റവും ഉച്ചത്തില്‍ വിളിക്കാന്‍ ഒറ്റ മുദ്രാവാക്യമേയുള്ളൂ – സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ കൈവിലങ്ങുകള്‍ മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News