ബസ് പ്രയോഗികമല്ല; അതിഥി തൊഴിലാളികളെ തിരിച്ചയക്കാന്‍ ട്രെയ്ന്‍ അനുവദിക്കണമെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍

അടച്ചിടലിനെത്തുടർന്ന്‌ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റത്തൊഴിലാളികളെ റോഡുമാർഗം തിരിച്ചയക്കാനുള്ള കേന്ദ്ര ഉത്തരവിനെതിരെ സംസ്ഥാനങ്ങൾ‌.

തൊഴിലാളികളെ മടക്കി അയക്കുന്നതിൽ എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങളെ ഏൽപ്പിച്ചിരിക്കയാണ്‌ ‌കേന്ദ്രം‌.

സംസ്ഥാനങ്ങൾ പരസ്‌പരം ചർച്ച ചെയ്‌ത്‌ തീരുമാനമെടുക്കാനാണ്‌ നിർദേശം. റോഡുമാർഗമുള്ള യാത്രയ്‌ക്ക്‌ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്‌. കേന്ദ്ര ഉത്തരവിൽ ഈ വിഷയം പരിഗണിക്കുന്നേയില്ല.

തൊഴിലാളികളുടെ യാത്രാച്ചെലവ്‌‌ ആര്‌ വഹിക്കുമെന്നതിൽ വ്യക്തതയില്ല. കേരളം, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്‌, ഒഡിഷ, ബിഹാർ, ജാർഖണ്ഡ്‌ സംസ്ഥാനങ്ങൾ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടു‌. കുടിയേറ്റ തൊഴിലാളികൾ ഏതുസംസ്ഥാനങ്ങളിൽനിന്നാണോ ആ സംസ്ഥാനങ്ങൾ യാത്രയുടെ ചെലവ്‌ ഏറ്റെടുക്കണമെന്ന ആവശ്യം മഹാരാഷ്ട്ര മുന്നോട്ടുവച്ചു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കുടിയേറ്റത്തൊഴിലാളികളിൽ നല്ലൊരു പങ്കും ഉത്തരേന്ത്യയിൽനിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും ഉള്ളവരാണ്‌‌.

ഇവരെ റോഡുമാർഗം നാട്ടിലെത്തിക്കാൻ ദിവസങ്ങൾ വേണ്ടിവരും. കോവിഡ്‌ മുൻകരുതലുകൾ എടുക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകും.

ഒരു ട്രെയിനിൽ സാമൂഹ്യ അകലം പാലിച്ച്‌ 1000 പേരെവരെ കൊണ്ടുപോകാം. ബസിലാണെങ്കിൽ പരമാവധി 20–-25 പേർ മാത്രം.

കേന്ദ്ര ഉത്തരവ്‌ വന്നതിനു‌ പിന്നാലെ രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ അയൽസംസ്ഥാനങ്ങളിലേക്ക്‌ ബസുകളിൽ തൊഴിലാളികളെ എത്തിച്ചുതുടങ്ങി.

ഹരിയാനയിൽനിന്ന്‌ 12,000 തൊഴിലാളികൾ യുപിയിൽ എത്തി. യുപി, ബിഹാർ, ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളും മടങ്ങിയെത്തുന്ന തൊഴിലാളികളെ പാർപ്പിക്കുന്നതിന്‌ നടപടി തുടങ്ങി.

അതേസമയം, പ്രത്യേക ട്രെയിനുകളുടെ കാര്യത്തിൽ ആലോചനകൾ ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. റെയിൽവേ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌. പ്രതിദിനം 400‌ ട്രെയിൻവരെ ഓടിക്കാൻ നിലവിൽ സജ്ജമാണ്‌.

നാട്ടിലെത്തിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റത്തൊഴിലാളികൾ സമരത്തിലേക്ക്‌ തിരിഞ്ഞിരുന്നു.

വേഗം പരിഹാരം കണ്ടില്ലെങ്കിൽ ബിജെപിക്ക്‌ രാഷ്‌ട്രീയ തിരിച്ചടിയാകുമെന്ന്‌ കണ്ടാണ്‌ കേന്ദ്രം‌ റോഡുമാർഗമുള്ള യാത്രയ്‌ക്ക്‌ അനുമതി നൽകിയത്‌.

ബസ്‌ പ്രായോഗികമല്ല: മുഖ്യമന്ത്രി പിണറായി വിജയൻ

അതിഥിത്തൊഴിലാളികളെ തിരിച്ചയക്കാൻ ബസല്ല, നോൺസ്റ്റോപ്പ് സ്പെഷ്യൽ ട്രെയിൻ സർവീസാണ്‌ വേണ്ടതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്‌ റെയിൽവേക്ക്‌ നിർദേശം നൽകണമെന്ന്‌ സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

കേരളത്തിൽ 3.6 ലക്ഷം അതിഥിത്തൊഴിലാളികളുണ്ട്. അവർ 20,826 ക്യാമ്പുകളിലാണ്‌. 99 ശതമാനവും എത്രയും വേഗം നാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നു. ബംഗാൾ, ഒഡിഷ, ബിഹാർ, യുപി, അസാം എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഭൂരിഭാഗവും.

ഇത്രയധികംപേരെ ബസ്‌ മാർഗം കൊണ്ടുപോകാനാകില്ല. യാത്രയ്ക്കിടെ രോഗം പകരാനും സാധ്യത കൂടുതലാണ്. അതിനാലാണ്‌ സ്പെഷ്യൽ ട്രെയിൻ ആവശ്യപ്പെടുന്നത്.

ഇക്കാര്യം പ്രാധനമന്ത്രിയോട് നേരത്തേ അഭ്യർഥിച്ചിരുന്നു. ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ശാരീരിക അകലം പാലിച്ചാവണം തൊഴിലാളികളെ കൊണ്ടുപോകൽ. ഓരോ ട്രെയിനിലും മെഡിക്കൽ സംഘമുണ്ടാകണം.

ഭക്ഷണവും വെള്ളവും ലഭ്യമാക്കണം. അവർക്കിടയിൽ ഉണ്ടാകാൻ ഇടയുള്ള ധൃതിയും അതുമൂലമുള്ള സംഘർഷങ്ങളും തടയാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. മറ്റ് വകുപ്പുകളുടേയും സന്നദ്ധപ്രവർത്തകരുടേയും സഹായവും തേടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News