രാജ്യത്ത് പ്രായമായവരിലെ കൊറോണ മരണ നിരക്കില്‍ വന്‍ കുറവ്; മരണ നിരക്ക് 9.2 ശതമാനം

കോവിഡ് ബാധിച്ച് മരിക്കുന്ന പ്രായമായവരുടെ നിരക്കിൽ വൻ കുറവ്. 75 വയസിൽ കൂടുതലുള്ളവരുടെ മരണ നിരക്ക് 9.2 ശതമാനമായി കുറഞ്ഞു.

ഏപ്രിൽ 18ന് ഇത് 42 ശതമാനമായിരുന്നു. ഒടുവിലെ കണക്ക് പ്രകാരം കൂടുതൽ മരണവും റിപ്പോർട്ട് ചെയ്തത് 60 വയസിൽ താഴെ ഉള്ളവരിൽ.

48 ശതമാനം പേരും 60 വയസിൽ താഴെ ഉള്ളവർ. അതേസമയം കോവിഡ് സ്ഥിരീകരിച്ച 105 പേർ സംസ്ഥാനത്ത് മരിച്ചതായി ബംഗാൾ സർക്കാർ സമ്മതിച്ചു.

കോവിഡ് മരണങ്ങളിലേറെയും പ്രായമായവരിലാകുമെന്ന നിഗമനം തെറ്റിക്കുന്നതാണ് രാജ്യത്തെ കണക്കുകൾ.

കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രായ ഗ്രൂപ്പ് എന്ന നിലയിൽ നിന്ന് കുറവ് മരണങ്ങൾ മാത്രമുള്ള പ്രായ വിഭാഗമായി വയോജനങ്ങൾ മാറുകയാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഒടുവിലെ കണക്കിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഏപ്രിൽ 18ന് 488 മരണം റിപ്പോർട്ട് ചെയ്തതിലെ 42.2 ശതമാനം മരണങ്ങളും 75 വയസിൽ കൂടുതൽ പ്രായം ഉള്ളവരായിരുന്നു.

എന്നാൽ ഇന്നലത്തെ കണക്ക് പ്രകാര ഈ ശതമാനത്തിൽ ഉണ്ടായത് ഗണ്യമായ കുറവ്. 75 വയസിൽ കൂടുതൽ ഉള്ളവരുടെ മരണ നിരക്ക് വെറും 9.2 ശതമാനം മാത്രമാണ്.

അതേസമയം കോവിഡ് ബാധിച്ച് മരിച്ച പകുതിയോളം പേരും 60 വയസിൽ താഴെ ഉള്ളവരാണ്. 48.8 ശതമാനം. ഈ പ്രായ വിഭാഗത്തിലെ മരണ നിരക്കിൽ രണ്ടിരട്ടി വർധനവ്. 45നും 60ഉം വയസിനിടയിൽ പ്രായമുള്ളവരിൽ മരണം വര്ധിച്ചതാണ് പ്രധാന കാരണം.

അതേസമയം 45 വയസിൽ താഴെ ഉള്ളവരുടെ മരണ നിരക്കിൽ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. 14 – 15 ശതമാനുള്ളിൽ തുടരുന്നു. ഇതിനിടെ മരണ സംഖ്യ കുറച്ചു കാണിക്കുന്നു എന്ന വിമർശനം ശക്തമായതിന് പിന്നാലെ കോവിഡ് സ്ഥിരീകരിച്ച 105 പേർ സംസ്ഥാനത്ത് മരിച്ചതായി ബംഗാൾ സർക്കാർ സമ്മതിച്ചു.

സർക്കാർ നിയോഗിച്ച ഡെത്ത് ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് സ്ഥിരീകരിക്കുകയും മറ്റ് അസുഖങ്ങൾ ഉള്ളവരുമാണെങ്കിൽ അവരുടെ മരണം മറ്റ് സംസ്ഥാനങ്ങൾ കോവിഡ് മരണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ ബംഗാൾ സർക്കാർ അത് ചെയ്തിരുന്നില്ല. ഇത്തരത്തിലുള്ള 72 മരണങ്ങളാണ് സർക്കാർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

33 പേർ കോവിഡ് ബാധിച്ച് മരിച്ചു എന്ന് സർക്കാർ വ്യാഴാഴ്ച അറിയിച്ചിരുന്നു. ഇവ രണ്ടും ചേർത്താണ് ഡെത്ത് ഓഡിറ്റ് കമ്മിറ്റി 105 എന്ന മരണ സംഖ്യ കണക്കാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News