മദ്യം തൊണ്ടയിലെ കൊറോണ വൈറസിനെ നശിപ്പിക്കും; മദ്യവില്‍പനശാലകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ

മദ്യം തൊണ്ടയിലുള്ള് കൊറോണ വൈറസിനെ നശിപ്പിക്കുമെന്നും, അതിനാല്‍ മദ്യവില്‍പനശാലകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ. രാജസ്ഥാനിലെ സാങ്കോഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഭരത് സിങ് കുന്ദന്‍പുര്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തെഴുതി.

വ്യാഴാഴ്ചയാണ് ഭരത് സിങ് കുന്ദന്‍പുര്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തെഴുതിയത്. ലോക്ഡൗണ്‍ മൂലം സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോള്‍, അനധികൃതമായി മദ്യവില്‍പന നടത്തുന്നവര്‍ നേട്ടമുണ്ടാക്കുകയാണെന്നും എംഎല്‍എ കത്തില്‍ പറയുന്നു.

‘വ്യാജമദ്യം കഴിച്ച് ജനങ്ങളുടെ ആരോഗ്യം അപകടത്തിലാണ്. അത് സര്‍ക്കാരിനും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. സര്‍ക്കാരിനെയും ജനങ്ങളെയും സഹായിക്കുന്നതിന്, സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ വീണ്ടും തുറക്കുന്നതാണ് ബുദ്ധി. ആല്‍ക്കഹോള്‍ ഉപയോഗിച്ച് കൈകഴുകുമ്പോള്‍ കൊറോണ നശിക്കുന്നതുപോലെ, മദ്യം കഴിക്കുന്നത് തൊണ്ടയിലെ വൈറസിനെയും നശിപ്പിക്കാന്‍ സഹായിക്കും. വ്യാജ മദ്യം കുടിക്കുന്നതിനേക്കാള്‍ നല്ലത് ഇതാണ്’ ഭരത് സിങ് കുന്ദന്‍പുര്‍ എംഎല്‍എ കത്തില്‍ പറയുന്നു.

ലോക്ഡൗണില്‍ പ്രതിസന്ധിയിലായതോടെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ 35 ശതമാനമായും ബിയര്‍ ഉള്‍പ്പെടെയുള്ളവയുടെ തീരുവ 45 ശതമാനമായും ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭരത് സിങ്ങ് മുഖ്യമന്ത്രിക്ക് കത്ത് എഴുതിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News