ശ്രീനിവാസന്റെ ബാര്‍ബര്‍ ബാലന്‍ ഇര്‍ഫാന്‍ ഖാനിലെത്തിയതിങ്ങിനെ; ഓര്‍മ്മകള്‍ പങ്കു വച്ച് നടന്‍ ജഗദീഷ്

മുംബൈയില്‍ ജോഗേശ്വരിയിലെ കമല്‍ ആംറോഹി സ്റ്റുഡിയില്‍ വച്ചായിരുന്നു ചിത്രീകരണം. മലയാളത്തിലെ മെഗാ ഹിറ്റുകളില്‍ ഒന്നായ ‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ റീമേക്കായ ബില്ലു ബാര്‍ബര്‍ പ്രിയനായിരുന്നു സംവിധാനം ചെയ്തതത്.

മമ്മൂട്ടി അവിസ്മരണീയമാക്കിയ കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിച്ചത് ഷാരൂഖ് ഖാനും. ശ്രീനിവാസന്റെ റോളിലേക്ക് ഇര്‍ഫാന്‍ ഖാനെത്തിയപ്പോള്‍ മലയാളത്തില്‍ ചെയ്ത വേഷം തന്നെയായിരുന്നു ജഗദീഷ് അവതരിപ്പിച്ചത്.

അങ്ങിനെയാണ് ബില്ലുവില്‍ കുവൈറ്റ് മദന്‍ എന്ന കഥാപാത്രമായി ഒരു പ്രത്യേക ഗെറ്റപ്പില്‍ താനെത്തുന്നതെന്ന് ഓര്‍മ്മകള്‍ പങ്കു വച്ച് ജഗദീഷ് പറഞ്ഞു. ചിത്രീകരണ സമയത്ത് താന്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് ഇര്‍ഫാനോടൊപ്പമായിരുന്നുവെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

ബില്ലുവിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് ഇര്‍ഫാന്‍ ഖാനെ കൂടുതല്‍ അടുത്തറിയുന്നത്. സാധാരണ കാരവനില്‍ സമയം ചിലവഴിക്കാറുള്ള താരങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തനായിരുന്നു ഇര്‍ഫാന്‍ ഖാന്‍ എന്നാണ് ജഗദീഷ് പറയുന്നത്. അത് കൊണ്ട് തന്നെ ലൊക്കേഷനില്‍ കിട്ടിയ അവസരങ്ങളിലെല്ലാം ഇര്‍ഫാനുമായി സംസാരിച്ചിരിക്കുക പതിവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടെയുള്ളവരുടെ ക്ഷേമം അന്വേഷിക്കാനും മറ്റും സമയം കണ്ടെത്തുന്ന മനുഷ സ്‌നേഹിയായ വലിയ പ്രതിഭയെയാണ് ഇന്ത്യന്‍ സിനിമക്ക് നഷ്ടമായതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

ബില്ലു എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ ഇര്‍ഫാന്‍ ഖാനോടൊപ്പം അഭിനയിച്ച അനുഭവം പങ്കു വച്ച് സംസാരിക്കുകയായിരുന്നു ജഗദിഷ്. ഈ സിനിമയില്‍ മലയാളത്തില്‍ അവതരിപ്പിച്ച അതെ വേഷം ഹിന്ദിയിലും അഭിനയിക്കണമെന്ന് പറഞ്ഞായിരുന്നു പ്രിയദര്‍ശന്‍ തന്നെ ക്ഷണിച്ചതെന്നും ജഗദീഷ് ഓര്‍മ്മിക്കുന്നു.

പ്രിയന്റെ ക്ഷണം ലഭിച്ചപ്പോള്‍ ആദ്യമന്വേഷിച്ചത് ശ്രീനിവാസന്റെ റോളിലേക്ക് ആരെയാണ് തീരുമാനിച്ചതെന്നായിരുന്നു. ഇതിനായി രാജ്പാല്‍ യാദവിനെയാണ് ഷാരൂഖ്ഖാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് പ്രിയന്‍ പറഞ്ഞു. എന്നാല്‍ തുടര്‍ന്നുള്ള ചര്‍ച്ചകളിലാണ് സെന്റിമെന്റ്‌സ് കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാവുന്ന ഒരാളെ തന്നെ വേണമെന്ന ആവശ്യം ശക്തിപ്പെട്ടത്. അങ്ങിനെയാണ് പ്രിയനും ഷാരൂഖ് ഖാനും കൂടി ഏകപക്ഷീയമായി ഇര്‍ഫാന്‍ ഖാനെ ബാര്‍ബര്‍ റോളിലേക്ക് തിരഞ്ഞെടുക്കുന്നത്.

ചിത്രത്തിന്റെ പേര് ബില്ലു ബാര്‍ബര്‍ എന്നായിരുന്നുവെങ്കിലും സലൂണ്‍ ആന്‍ഡ് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് കിംഗ് ഖാന്‍ ഇടപെട്ട് സിനിമയുടെ പേര് മാറ്റാന്‍ തീരുമാനിച്ചത്. പിന്നീട് സിനിമയുടെ പേര് ബില്ലു എന്നാക്കിയതായി ഷാരൂഖ് തന്നെയാണ് അന്ന് പ്രഖ്യാപിച്ചത്. ഹെയര്‍ ഡ്രസ്സര്‍മാരെ ബാര്‍ബര്‍ എന്ന് വിളിക്കുന്നത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു അസോസിയേഷന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News