പന്തീരാങ്കാവ് യുഎപിഎ കേസില്‍ മാധ്യമപ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ മൂന്ന് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ ബിജിത്ത്, എല്‍ദോ, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് എന്നിവരാണ് കസ്റ്റഡിയിലായത്. കോഴിക്കോട്ടെ താമസ സ്ഥലത്ത് വെച്ചാണ് മൂന്ന് പേരെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.

വയനാട് സ്വദേശികളായ ബിജിത്ത്, എല്‍ദോ എന്നീ യുവാക്കളെ കോഴിക്കോട് ചെറുകുളത്തൂരിനടുത്ത പരിയങ്ങാട്ടെ വാടക വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. പരിയങ്ങാട്ട് ട്യൂഷന്‍ സെന്റര്‍ നടത്തുകയായിരുന്നു ഇരുവരും. പുലര്‍ച്ചെയോടെയാണ് കൊച്ചിയില്‍ നിന്നും ഡിവൈഎസ്പി വിജിന്റെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘം ഇവരുടെ വീട്ടില്‍ റെയ്ഡിനെത്തിയത്.

ഉച്ചക്ക് രണ്ട് മണി വരെ ചോദ്യംചെയ്തതിന് ശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവരുപയോഗിച്ച പെന്‍ഡ്രൈവും പിടിച്ചെടുത്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇരുവരെയും കൊച്ചിയിലേക്ക് കൊണ്ട് പോയി . ഇവരുടെ കൂടെ താമസിച്ചിരുന്ന പാലക്കാട് സ്വദേശി ലോക്ക്ഡൗണ്‍ ന് മുമ്പ് നാട്ടിലേക്ക് പോയിരുന്നു.

ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍തകനായ അഭിലാഷിനെയും താമസ സ്ഥലത്ത് വെച്ചാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത് . ഇവര്‍ക്ക് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസുമായി ബന്ധമുണ്ടെന്നാണ് വിവരം . കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ മലപ്പുറം പാണ്ടിക്കാട്ടെ വീട്ടിലും എന്‍ഐഎ പരിശോധിച്ചു.

പുറത്ത് നിന്നുള്ളവര്‍ വീട്ടില്‍ തങ്ങുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. 9 മൊബൈല്‍ ഫോണുകള്‍,രണ്ട് ലാപ്‌ടോപ്പുകള്‍, ഇറീഡര്‍ ഹാര്‍ഡ്ഡിസ്‌ക്ക്, സിംകാര്‍ഡുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here