അവസാന രോഗിയും ആശുപത്രി വിട്ടു; എറണാകുളം ജില്ല കൊവിഡ് മുക്തം

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ അവസാന രോഗിയും വീട്ടിലേക്ക് മടങ്ങിയതോടെ കോവിഡ് മുക്തമായി എറണാകുളം ജില്ല. യുഎയില്‍ നിന്നെത്തിയ കലൂര്‍ സ്വദേശിയായ വിഷ്ണുവാണ് രോഗമുക്തനായി ആശുപത്രി വിട്ടത്.

സംസ്ഥാന സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്‍കിയ സ്‌നേഹത്തിനും കരുതലിനും നന്ദിയറിയിച്ച വിഷ്ണുവിനെ കയ്യടികളോടെയാണ് വീട്ടിലേക്ക് യാത്രയാക്കിയത്.

അഭിമാനത്തിന്റെയും കരുതലിന്റെയും ആശ്വാസത്തിന്റെയും നിമിഷങ്ങള്‍. അവസാനത്തെ കോവിഡ് രോഗിയും സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോള്‍ കളമശേരി മെഡിക്കല്‍ കോളേജിന് മറ്റൊരു പൊന്‍തൂവല്‍ കൂടി. ഒപ്പം കോവിഡ് മുക്തി നേടിയ ജില്ലകളുടെ പട്ടികയില്‍ എറണാകുളവും.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ നാലാം തിയതി ആശുപത്രിയിലെത്തിച്ച കലൂര്‍ സ്വദേശിയായ 23കാരന്‍ വിഷ്ണുവാണ് പൂര്‍ണ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങിയത്. യുഎഇയില്‍ നിന്നെത്തിയ വിഷ്ണുവിന് പത്തനംതിട്ട സ്വദേശികളില്‍ നിന്നായിരുന്നു രോഗം പിടിപ്പെട്ടത്.

28 ദിവസത്തോളം ചികിത്സയിലായിരുന്ന വിഷ്ണുവിന്റെ 15,16 സാമ്പിളുകളുടെ ഫലങ്ങളാണ് നെഗറ്റീവായത്. തനിക്ക് കിട്ടിയ സ്‌നേഹത്തിനും കരുതലിനും വിഷ്ണു നന്ദിയറിയിച്ചപ്പോള്‍ അതിജീവനത്തിന്റെ കരുത്ത് പകരുന്ന കയ്യടികളായിരുന്നു ചുറ്റും.

ഏഴ് വിദേശികളടക്കം 25 കോവിഡ് രോഗികളാണ് നൂറ് ദിവസത്തിനിടെ കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നും രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ ഗ്രീന്‍ സോണ്‍ പട്ടികയില്‍ എറണാകുളം ജില്ലയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതീവ ജാഗ്രതയില്‍ തന്നെ ജില്ലാ ഭരണകൂടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News