ലോക്ക് ഡൗണിനിടെ ശരീരം തളർന്ന തൃശൂർ സ്വദേശി ദില്ലിയിൽ കുടുങ്ങി

ലോക്ക് ഡൗണിനിടെ ശരീരം തളർന്ന തൃശൂർ സ്വദേശി ദില്ലിയിൽ കുടുങ്ങി. തൃശൂർ ചാലക്കുടി സ്വദേശി രഞ്ജു ഹാസനാണ് അന്യുറിസം രോഗത്തെ തുടർന്ന് ശരീരം തളർന്ന് കിടപ്പിലായത്.

കേരളത്തിലെത്തിക്കാൻ അധികൃതർ വേണ്ട സഹായം ചെയ്യണമെന്നാണ് ആവശ്യം. വിഷയം കേന്ദ്ര സർക്കാരിന്റെയും കേരളാ, ദില്ലി മുഖ്യമന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് എ എം ആരിഫ് എം പി അറിയിച്ചു.

കാനഡയിലെ ഒരു ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കാൻ വേണ്ടി ദില്ലിയിലെത്തിയതായിരുന്നു തൃശ്ശൂർ ചാലക്കുടി സ്വദേശികളായ രഞ്ജു ഹാസനും സുഹൃത്ത് സുരേഷും. അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ആകാതെ ഇവർക്ക് ദില്ലിയിൽ തങ്ങേണ്ടി വന്നു.

ഇതിനിടെ ഏപ്രിൽ 10ന് രഞ്ജു ഹാസന് രക്ത സമ്മർദ്ദം കൂടി. തുടർന്ന് ദില്ലി സഫ്ദർ ജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിലെ പ്രധാന രക്തക്കുഴലിൽ കുമിളകളുണ്ടാകുന്ന അന്യുറിസം രോഗമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ന്യുറോ സർജറി നടത്തി.

ഈ അസുഖത്തിന്റെ ഭാഗമായി അധികവും സംഭവിക്കുന്ന തളർച്ച രഞ്ജുവിനും പിടിപെട്ടു. ശരീരത്തിന്റെ വലത് ഭാഗം തളരുകയും സംസാര ശേഷി നഷ്ടമാവുകയും ചെയ്തു. ഏപ്രിൽ 18ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഇദ്ദേഹം ഇപ്പോൾ സ്വകാര്യ ഫ്ലാറ്റിൽ തങ്ങുകയാണ്.

തൃശ്ശൂരിൽ നിന്ന് ഒപ്പം വന്ന സുഹൃത്ത് സുരേഷാണ് രഞ്ജുവിനെ ഇപ്പോൾ പരിചരിക്കുന്നത്. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള തുടർ ചികിത്സയിലൂടെ മാത്രമാണ് നിലവിലെ രോഗാവസ്ഥയിൽ മാറ്റമുണ്ടാവുകയെന്നും ദില്ലിയിൽ ചികിൽസ പൂർത്തിയായ സാഹചര്യത്തിൽ നാട്ടിൽ എത്തിക്കാൻ അധികൃതർ വേണ്ട സഹായം ചെയ്യണമെന്നുമാണ് ആവശ്യം.

സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് ആലപ്പുഴ എം പി എ എം ആരിഫ് കൈരളി ന്യൂസിനോട് പറഞ്ഞു. വിഷയം കേന്ദ്ര ആഭ്യന്തരമന്ത്രി ആഭ്യന്തര സെക്രട്ടറി, കേരള മുഖ്യമന്ത്രി, ദില്ലി മുഖ്യമന്ത്രി എന്നിവരുടെ ശ്രദ്ധയിൽപെടുത്തും.

ഇവരെ തിരിച്ച് കൊണ്ടുവരാൻ എന്ത് ചെയ്യാൻ ആകുമെന്ന് ആലോചിച്ച് ഉടൻ തീരുമാനം എടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News