കൊറോണ പരിശോധനയ്ക്കും ശ്രവ ശേഖരണത്തിനും പുതിയ ഉപകരണങ്ങള്‍ വികസിപ്പിച്ച് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്‌

കൊവിഡ്-19 പരിശോധനയ്ക്ക് സ്രവം ശേഖരിക്കുന്നതിനുള്ള രണ്ടുതരം സ്വാബുകളും (Swab) സ്രവം സൂക്ഷിക്കുന്നതിനുള്ള മാധ്യമവും (Viral Transport Medium) ശ്രീചിത്ര വികസിപ്പിച്ചെടുത്തു

വൈറസിലെ ജീനുകള്‍ ആംപ്ലിഫൈ ചെയ്ത് സാര്‍സ്-കോവ് 2-ന്റെ സാന്നിധ്യം കണ്ടെത്തി കൊവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്ക് മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നിന്ന് സ്രവം ശേഖരിക്കുന്നത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സ്വാബ് ഉപയോഗിച്ചാണ്.

ശരിയായ രീതിയില്‍ ആവശ്യത്തിന് സ്രവം ശേഖരിച്ച് ദ്രവരൂപത്തിലുള്ള അനുയോജ്യമായ മാധ്യമത്തില്‍ (Viral Transport Medium) സൂക്ഷിച്ചാല്‍ മാത്രമേ പരിശോധനയ്ക്ക് വേണ്ട വൈറസ് ആര്‍എന്‍എ-യുടെ ഗുണമേന്മയും അളവും ഉറപ്പാക്കാന്‍ കഴിയൂ. പരിശോധനാ ഫലത്തിന്റെ കൃത്യതയെ ബാധിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളാണിവ.

പ്ലാസ്റ്റിക് ഷാഫ്‌റ്റോട് കൂടിയ കൃത്രിമ നാരുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്വാബുകളാണ് സ്രവം ശേഖരിക്കുന്നതിന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ശുപാര്‍ശ ചെയ്യുന്നത്. ലഭ്യമാണെങ്കില്‍ ഫ്‌ളോക്ക് ചെയ്ത (Flocked) സ്വാബുകളാണ് കൂടുതല്‍ അഭികാമ്യം.

ചിത്ര എംബെഡ് (EmBed) ഫ്‌ളോക്ക്ഡ് നൈലോണ്‍ സ്വാബ് (മല്ലേലില്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്തത്), ചിത്ര എന്‍മെഷ് (EnMesh) പോളിമെറിക് ഫോം ടിപ്ഡ് ലിന്റ് ഫ്രീ സ്വാബ് എന്നിവയാണ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

വഴങ്ങുന്ന പ്ലാസ്റ്റിക് പിടിയോട് (Handle) കൂടിയ ഇവ രണ്ടും സ്രവം ശേഖരിക്കുന്നതിനും ശേഖരിച്ച സ്രവം ദ്രവമാധ്യമത്തിലേക്ക് മാറ്റുന്നതിനും അനുയോജ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ സ്വാബുകള്‍ ഉപയോഗിച്ച് ശേഖരിച്ച് ദ്രവമാധ്യമത്തില്‍ (Viral Transport Medium) സൂക്ഷിക്കുന്ന സ്രവത്തില്‍ നിന്ന് വൈറസിന്റെ ആര്‍എന്‍എ ആവശ്യത്തിന് വീണ്ടെടുക്കാനും കഴിയും.

ോെോരണ്ടുതരം സ്വാബുകളുടെയും സ്രവം സൂക്ഷിച്ച് ലാബുകളില്‍ എത്തിക്കുന്നതിനുള്ള മാധ്യമത്തിന്റെയും സാങ്കേതികവിദ്യ, ഉത്പാദനവും വിപണനവും വേഗത്തിലാക്കുന്നതിനായി, മല്ലേലില്‍ ഇന്‍ഡസ്ട്രീസ്, ഒറിജിന്‍ ഡയഗ്നോസ്റ്റിക്‌സ്, ലെവ്‌റാം ലൈഫ് സയന്‍സസ് എന്നീ കമ്പനികള്‍ക്ക് കൈമാറി.

ഉടനടി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും അണുവിമുക്തമാക്കിയ ഇവ വിപണിയിലെത്തുക. സ്വാബുകളുടെ സവിശേഷമായ രൂപകല്‍പ്പന സ്രവശേഖരണം എളുപ്പത്തിലാക്കും. മാത്രമല്ല രോഗികള്‍ക്ക് ഉണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും.

സ്രവം ദ്രവമാധ്യമത്തിലേക്ക് മാറ്റി ലാബിലേക്ക് അയക്കുന്ന സമയത്ത് ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ബ്രേക്ക്‌പോയിന്റ് (Breakpoint) സഹായിക്കുന്നു.

സ്രവം ശേഖരിച്ച് ലാബിലേക്ക് എത്തിക്കുന്നത് വരെ വൈറസിനെ സജീവമാക്കി വയ്ക്കുന്നതിന് ഉതകുന്ന രീതിയിലാണ് ശ്രീചിത്ര ദ്രവമാധ്യമം തയ്യാറാക്കിയിരിക്കുന്നത്. ദ്രവമാധ്യമം 50 എണ്ണവും (3 ml/vial) 50 സ്വാബുകളും അടങ്ങുന്ന കിറ്റിന് നിലവില്‍ 12000 രൂപയാണ് വില.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്വാബും ദ്രവമാധ്യമവും വിപണിയില്‍ എത്തുന്നതോടെ കുറഞ്ഞ വിലയില്‍ ഇവ ആവശ്യത്തിന് ലഭ്യമാക്കാനാകും.

ശ്രീചിത്രയുടെ ബയോടെക്‌നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞരായ ഡോ. മായാ നന്ദകുമാര്‍, ഡോ. ലിന്‍ഡ, ഡോ. ഷൈനി എന്നിവരടങ്ങിയ സംഘമാണ് സ്വാബുകളും ദ്രവമാധ്യമവും വികസിപ്പിച്ചെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News