നാസിസത്തിനു സമാനമായ സാഹചര്യമാണ് ഇന്ത്യയില്‍; വീണ്ടും വിമര്‍ശനവുമായി യുഎഇ രാജകുമാരി

ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന നടക്കുന്ന വര്‍ഗീയ വിവേചനതിരെ ശബ്ദമുയര്‍ത്തി ലോക ശ്രദ്ധ നേടിയ യു എ ഇ രാജകുമാരിയും എഴുത്തുകാരിയുമായ ഷെയ്ഖ ഹെന്ദ് അല്‍ ഖാസിമി വീണ്ടും ശക്തമായ പ്രതികരണവുമായി രംഗത്ത്. നാസിസത്തിനു സമാനമായ സാഹചര്യമാണ് ഇന്ത്യയിലെതെന്നുമുള്ള വിമര്‍ശനങ്ങളുമായി ഷെയ്ഖ ഹെന്ദ് അല്‍ ഖാസിമി
വീണ്ടും രംഗത്തെത്തി.

ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരെ തുടരുന്ന വിദ്വേഷ പ്രചാരണത്തിനെതിരെയും വിവേചനത്തിനെതിരെയും ശക്തമായ പ്രതികരണവുമായി രംഗത്ത് വന്ന യു എ ഇ രാജകുമാരിയും എഴുത്തുകാരിയുമായ ഷെയ്ഖ ഹെന്ദ് അല്‍ ഖാസിമിയുടെ വാക്കുകള്‍ വലിയ ചര്‍ച്ചക്ക് തന്നെ ഇടയാക്കിയിരുന്നു.

ഡല്‍ഹിയിലെ തബ്ലീഗ് സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ സൌരഭ് ഉപാധ്യായ എന്ന യു എ ഇ യിലെ ഒരു ഇന്ത്യക്കാരന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് രാജകുമാരി ആദ്യം രംഗത്ത് വന്നത്.

ഇന്ത്യയിലെ ഇസ്ലാമോഫോബിയയയില്‍ താന്‍ ഏറെ ആശങ്കപ്പെടുന്നുവെന്നു പറഞ്ഞു കൊണ്ടാണ് ഷെയ്ഖ ഹെന്ദ് അല്‍ ഖാസിമി ഇതിനെതിരെ പ്രതികരിച്ചത്. യു എ ഇ യില്‍ ഇത്തരം ഇസ്ലാമിക വിരുദ്ധ പരാമര്‍ശങ്ങള്‍

വെച്ച് പൊറുപ്പിക്കില്ലെന്നും രാജകുമാരി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ വര്‍ഗീയ വിവേചനത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് ഷെയ്ഖ ഹെന്ദ് അല്‍ ഖാസിമി നടത്തിയത്. വലിയ ചര്‍ച്ചകള്‍ക്ക് തന്നെ ഇത് തുടക്കമിട്ടു.

രാജകുമാരിയുടെ അഭിപ്രായങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ പിന്തുണയും ലഭിച്ചു.
ഇപ്പോള്‍ കൂടുതല്‍ ശക്തമായ ഭാഷയിലാണ് ഷെയ്ഖ ഹെന്ദ് അല്‍ ഖാസിമി വിവേചനങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്നും അവിടെ മുസ്ലിംകളോട് എങ്ങനെ പെരുമാറുന്നുവെന്നുവെന്നതും അറിയുമ്പോള്‍ ഞെട്ടലാണ് ഉണ്ടാകുന്നതെന്നും ഷെയ്ഖ ഹെന്ദ് അല്‍ ഖാസിമി ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ നടക്കുന്നത് പുതിയ കാര്യങ്ങളല്ലെന്നും വര്‍ഷങ്ങളായി മുസ്ലിംക്കെതിരെ വിവേചനം തുടരുകയാണെന്നും ഷെയ്ഖ ഹെന്ദ് അല്‍ ഖാസിമി പറഞ്ഞു. ഇതിപ്പോള്‍ കൂടുതല്‍ ഉച്ചത്തിലായിരിക്കുന്നു. ഹിന്ദു മതത്തിലെ ഒരു വിഭാഗം മാത്രം നായകരായി മറ്റുള്ളവരെ തൊട്ടു കൂടാത്തവരാക്കുന്നു . ഗാന്ധിജി നിര്‍ത്താന്‍ ശ്രമിച്ചതാണിത് .

പക്ഷെ നാസിസത്തിന്റെ രൂപത്തില്‍ ഇത്തരം വിവേചനങ്ങള്‍ വീണ്ടും തിരിച്ചു വരുന്നു. ഇന്ത്യയിലെ മുസ്ലിം വിരുദ്ധ വികാരം ഉടന്‍ അവസാനിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും രാജകുമാരി പറഞ്ഞു.

ശൈഖ ഹിന്ദിന്റെ അഭിപ്രായങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here