ലോക തൊഴിലാളി ദിനത്തില്‍ കേരളം സംവദിച്ച കരുതലിന്റെ രാഷ്ട്രീയം

സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍…

അഖിലലോക തൊഴിലാളികളുടെയും ആത്മാഭിമാനവും അവകാശ ബോധവുമുയര്‍ത്തിയ രക്തരൂഷിതമായ പോരാട്ടത്തിന്റെ ഓര്‍മപുതുക്കി മറ്റൊരു തൊഴിലാളി ദിനം കൂടെ കടന്നുപോയി. ലോക ചരിത്രത്തിലൊരുപക്ഷെ ആദ്യമായി ഈ തൊഴിലാളി ദിനം ആഘോഷിക്കപ്പെട്ടത് ലോക വ്യാപകമായിത്തന്നെ സംഘടിക്കരുതെന്ന ആഹ്വാനത്തോടെയാണ്. കൊറോണയെന്ന മഹാമാരി ലോകമാകെ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മനുഷ്യ കുലത്തിന്റെ സുരക്ഷിതത്വത്തിനും കരുതലിനും വേണ്ടി ലോക തൊഴിലാളി വര്‍ഗം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ തൊഴിലാളി ദിനം ആഘോഷിച്ചു.

ദുരിതകാലത്തെ ഈ തൊഴിലാളിദിനത്തില്‍ കേരളം ലോകത്തോട് സംവദിച്ചത് ഉദാത്തമായൊരു രാഷ്ട്രീയ മാതൃകയിലൂടെയാണ്. ലോകതൊഴിലാളി വര്‍ഗം കാലഗതിയിലെ എറ്റവും ദുരിതപൂര്‍ണമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ജോലിയും കൂലിയുമില്ലാതെ അനേകങ്ങള്‍ അന്നം തേടിയെത്തിയ നാട്ടില്‍ പട്ടിണിയാവുമ്പോള്‍, കരുതലോടെ അവരെ ചേര്‍ത്തുനിര്‍ത്തി ഈ കേരളം ലോകത്തോട് സംവദിക്കുന്നത് ഒരു രാഷ്ട്രീയമാണ്. കരുതലിന്റെ, ചേര്‍ത്തുനിര്‍ത്തലിന്റെ രാഷ്ട്രീയം.

ദുരിതം പടര്‍ന്നുപിടിച്ചപ്പോള്‍ പലയിടങ്ങളില്‍ ചിതറിക്കിടന്നവരെ പരദേശിബോധം തെല്ലുമില്ലാതെ ചേര്‍ത്തു പിടിച്ചു കേരളം. വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് അവരെ പുനരധിവസിപ്പിച്ചു. സൗജന്യ ഭക്ഷണവും ആവശ്യമുള്ളവര്‍ക്ക് ചികിത്സയും നല്‍കി സംസ്ഥാനം. മടങ്ങുന്നവര്‍ക്ക് കേരളത്തിന്റെ നിരന്തരമായ ആവശ്യത്തിന് ശേഷമാണ് കേന്ദ്രം ട്രെയിന്‍ യാത്രാ സൗകര്യമൊരുക്കിയത്. യാത്രാക്കൂലിയും ഭക്ഷണക്കാശും നാളുകളായി തൊഴിലില്ലാതിരുന്ന ഇവരില്‍ നിന്ന് തന്നെ കേന്ദ്രം ഈടാക്കാന്‍ തുനിഞ്ഞപ്പോള്‍ ഭക്ഷണവും കുടിവെള്ളവും യാത്രാക്കൂലിയും കേരളം സ്വന്തം ചിലവില്‍ വഹിച്ചാണ് അവരെ യാത്രയാക്കിയത്.

ലോക്ക്ഡൗണ്‍ കാരണം കേരളത്തില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ലോക തൊഴിലാളി ദിനത്തില്‍ ആലുവയില്‍ നിന്നും ഒറീസ്സയിലേക്ക് രാത്രിയോടുകൂടി പുറപ്പെട്ടു. 1148 അതിഥി തൊഴിലാളികളാണ് കേരളത്തിന്റെ കരുതലില്‍ ജന്മനാടുകളിലേക്ക് വണ്ടികയറിയത്. കൂടുതല്‍ തൊഴിലാളികളുമായി കൂടുതല്‍ ട്രെയിനുകള്‍ ഇന്നും പുറപ്പെടും.

വൈറസ് വ്യാപനം തടയുന്നതിനായി മുന്നറിയിപ്പുകളേതുമില്ലാതെ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ തൊഴിലും വരുമാനവുമില്ലാതെ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടന്ന ഇവരെ ദീര്‍ഘ വീക്ഷണത്തോടെ സംസ്ഥാനം മാറ്റി താമസിപ്പിച്ചു. മൂന്ന് ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികളാണ് കേരളത്തിലെ വിവിധ ജില്ലകളിലായി തൊഴിലെടുക്കുന്നത്. ഇവര്‍ക്കായി ഇരുപതിനായിരത്തിലധികം ക്യമ്പുകളാണ് കേരളം സജ്ജീകരിച്ചത്.

ഈ പ്രവര്‍ത്തനങ്ങളുടെ ഏകീകരണത്തിനും മേല്‍നോട്ടത്തിനും സംസ്ഥാന തലത്തില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന് പ്രത്യേക ചുമതലയും നല്‍കി. കമ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സൗജന്യ ഭക്ഷണമെത്തിച്ച് നല്‍കിയും, പാകം ചെയ്ത് കഴിക്കുന്നവര്‍ക്ക് അവരുടെ ഭക്ഷണ രീതിക്കനുസരിച്ചുള്ള വിഭവങ്ങളെത്തിച്ചു നല്‍കിയും കേരളം ഈ ദുരിത കാലത്ത് വിളിച്ചു പറഞ്ഞത് ലോകം മാതൃകയാക്കേണ്ടുന്നൊരു രാഷ്ട്രീയ സംസ്‌കാരത്തെക്കുറിച്ചാണ്.

അന്നം തേടിയെത്തിയ നാട്ടില്‍ അവഗണനയുടെ പടുകുഴിയില്‍പ്പെട്ട് ഗതികേടുകള്‍ കൊണ്ട് കണ്ണെത്താ ദൂരത്തുള്ള സ്വന്തം നാട്ടിലേക്ക് യാതൊരു സുരക്ഷയുമില്ലാതെ നഗ്നപാദരായി നടന്നു നീങ്ങേണ്ടിവന്നത് പതിനായിരങ്ങള്‍ക്കാണ്. ഇവരില്‍ എത്ര ജീവനും ജീവിതങ്ങളുമാണ് പൊരിവെയിലില്‍ വിശപ്പും ദാഹവും സഹിക്കവയ്യാതെ പാതിവഴിയില്‍ വീണുപോയത്.

ഇവിടെയാണ് കേരളം മാതൃകയാവുന്നത്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോഴും സാധ്യമാവുന്നത്രയും വേഗത്തില്‍ അവരെ സ്വന്തം നാടുകളിലേക്കയക്കണമെന്നായിരുന്നു കേരളത്തിന്റെ അഭിപ്രായം. ഒപ്പം വിദേശത്തുകഴിയുന്ന കേരളീയരെ തിരിച്ചെത്തിക്കണമെന്നും കേരളം നിലപാടടെത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തുടങ്ങിയതോടെ അതിഥി തൊഴിലാളികളെ നാടുകളിലേക്കയക്കുന്നതിലും കേന്ദ്ര തീരുമാനം വന്നു.

തൊഴിലാളികളെ ബസ്സുകളില്‍ യാത്രയാക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍ വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാവാത്തതിനാല്‍ ബസ് യാത്ര സുരക്ഷിതമായിരിക്കില്ലെന്നും, ഇവര്‍ക്കായി നോണ്‍സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്നും, ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്നും കേരളം ആവശ്യപ്പെട്ടു. കേരളത്തിന് പിന്നാലെ മറ്റു സംസ്ഥാനങ്ങളും ഈ ആവശ്യവുമായി മുന്നോട്ടുവന്നതോടെ അതിഥി തൊഴിലാളികളുടെയാത്രയ്ക്കായി കേന്ദ്രം പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയ്‌നുകള്‍ അനുവദിച്ചു.

എന്നാല്‍ ഇവരെ അയക്കുന്നതുമായി ബന്ധപ്പെട്ട മറ്റു കാര്യത്തില്‍ സംസ്ഥാനങ്ങള്‍ പരസ്പരം സംസാരിച്ച് തീരുമാനമെടുക്കണമെന്ന നിരുത്തരവാദപരമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇവരുടെ യാത്രാ ഭക്ഷണക്കൂലി ഉള്‍പ്പെടെ യാത്രക്കാരില്‍ നിന്നും ഈടാക്കണമെന്നാണ് കേന്ദ്രം റെയില്‍വേക്ക് നിര്‍ദേശം നല്‍കിയത്. മാസങ്ങളായി തൊഴിലും വരുമാനവുമില്ലാതെ കഴിയുന്നൊരു ജനതയുടെ കയ്യില്‍ എവിടെയാണ് ഇതിനൊക്കെ കാശെന്ന മനുഷ്യത്വപരമായൊരു ചോദ്യംപോലും കേന്ദ്രത്തിനുമുന്നില്‍ ഉയരാഞ്ഞതെന്തുകൊണ്ടായിരിക്കും.

ജിഎസ്ടി ഇനത്തിലുള്‍പ്പെടെ ഈ ദുരിതകാലത്തിന് മുന്നേതന്നെ കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാനുള്ള തുകകള്‍ കുടിശ്ശികയാണ്. കൊറോണ പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ തുകയും പരിമിതം. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിശ്ചലമാക്കപ്പെട്ട കേരളത്തിന്റെ സാമ്പത്തിക മേഖല സംസ്ഥാനത്തിന്‍റെ വരുമാന ശ്രോതസ്സുകളുമടച്ചു.

എല്ലാ പരാധീനതകള്‍ക്കുമപ്പുറം ഈ നാടിനുമേല്‍ വിരുന്നെത്തിയ ആ ജനത അര്‍പ്പിച്ച വിശ്വാസം, അവര്‍ ആഗ്രഹിക്കുന്ന സുരക്ഷിതത്വ ബോധം, തിരിച്ചുനല്‍കുകയെന്ന ഭരണകൂടത്തിന്റെ ഉത്തരവാദിത്വം കേരളം നിറവേറ്റി. ജീവിത മാര്‍ഗത്തിനായി നാടും വീടും വിട്ട് അന്യനാട്ടില്‍ താമസിക്കുമ്പോഴും സാമ്പത്തികമായും ശാരീരികമായും വിഭവങ്ങളായും അവര്‍ കേരളത്തിന് നല്‍കിയ കരുതല്‍ വലുതാണ്.

ഇന്നലെ പുറപ്പെട്ട ആദ്യ ട്രെയിനിലെ യാത്രക്കാര്‍ക്ക് ഭക്ഷണവും കുടിവെള്ളവും കേരളം സൗജന്യമായി നല്‍കി കേന്ദ്രം അവരില്‍ നിന്നും ഈടാക്കാന്‍ തുനിഞ്ഞ യാത്രാക്കൂലിയും കേരളം തന്നെ നല്‍കി. ഈ മഹാമാരിയുടെ കാലത്തെ ലോക തൊഴിലാളിദിനം ഇതിലും മികച്ചതായി എങ്ങനെയാണ് ആഘോഷിക്കുക. ലോക തൊഴിലാളി ദിനത്തില്‍ കേരളവും കേരളത്തിന്റെ ഭരണസംവിധാനവും വിളിച്ചുപറഞ്ഞ രാഷ്ട്രീയം ഈ ദുരിതകാലത്തിനപ്പുറവും രാജ്യവും ലോകവും മാതൃകയാക്കേണ്ടുന്ന, ശീലിക്കേണ്ടുന്ന ഒരു രാഷ്ട്രീയ സംസ്‌കാരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News