മടങ്ങുമ്പോഴും അവര്‍ക്ക് ഇടതുസര്‍ക്കാരിന്റെ കരുതല്‍; മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് കേരളം; ഈ ചിത്രങ്ങളും കഥ പറയും

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും അതിഥി തൊഴിലാളികള്‍ അവരവരുടെ നാടുകളിലേക്ക് മടങ്ങി തുടങ്ങി. ഇന്നലെ ആലുവയില്‍ നിന്ന് ഒഡീഷയിലേക്കാണ് ആദ്യ ട്രെയിന്‍ പുറപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതോടെ ആലുവയില്‍നിന്ന് പുറപ്പെട്ട ട്രെയിനില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1152 പേരാണ് ഉണ്ടായിരുന്നത്.

ദുരിതത്തിലും അവരെ ചേര്‍ത്ത് പിടിച്ച ഇടതുസര്‍ക്കാര്‍ അവര്‍ മടങ്ങുമ്പോഴും ആ കരുതല്‍ കാണിച്ചു. നാട് നേരിടുന്ന പ്രതിസന്ധികളിലും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുകയാണ് കേരളം.

നാട്ടിലെത്തും വരെ ആവശ്യമായ ഭക്ഷണവും വെള്ളവും മരുന്നും അടക്കമുള്ള സംവിധാനങ്ങളോടെയാണ് കേരളം അവരെ യാത്രയാക്കിയത്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഒരു മാനുഷിക പരിഗണനയും എടുക്കാതിരുന്ന കേന്ദ്രം സംസ്ഥാനങ്ങളുടെ മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുകയാണ്. ഇതുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് സഹായകരമായ ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഭക്ഷണവും കുടിവെള്ളവും മാത്രമല്ല, കേന്ദ്രം അവരില്‍ നിന്നും ഈടാക്കാന്‍ തുനിഞ്ഞ യാത്രാക്കൂലിയും കേരളം തന്നെ നല്‍കി.

എല്ലാ പരാധീനതകള്‍ക്കുമപ്പുറം ഈ നാടില്‍ വിരുന്നെത്തി. ആ ജനത അര്‍പ്പിച്ച വിശ്വാസം അവര്‍ ആഗ്രഹിക്കുന്ന സുരക്ഷിതത്വ ബോധം തിരിച്ചുനല്‍കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം കേരളം നിറവേറ്റി. ജീവിത മാര്‍ഗത്തിനായി നാടും വീടും വിട്ട് അന്യനാട്ടില്‍ താമസിക്കുമ്പോഴും സാമ്പത്തികമായും ശാരീരികമായും വിഭവങ്ങളായും അവര്‍ കേരളത്തിന് നല്‍കിയ കരുതല്‍ വലുതാണ്.

ദുരിതം പടര്‍ന്നുപിടിച്ചപ്പോള്‍ പലയിടങ്ങളില്‍ ചിതറിക്കിടന്നവരെ പരദേശിബോധം തെല്ലുമില്ലാതെ ചേര്‍ത്തു പിടിച്ചു കേരളം.

വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് അവരെ പുനരധിവസിപ്പിച്ചു. സൗജന്യ ഭക്ഷണവും ആവശ്യമുള്ളവര്‍ക്ക് ചികിത്സയും നല്‍കി സംസ്ഥാനം. കേരളത്തിന്റെ നിരന്തരമായ ആവശ്യത്തിന് ശേഷമാണ് കേന്ദ്രം ട്രെയിന്‍ യാത്രാ സൗകര്യമൊരുക്കിയത്. അപ്പോഴും യാത്രാക്കൂലിയും ഭക്ഷണക്കാശും നാളുകളായി തൊഴിലില്ലാതിരുന്ന ഇവരില്‍ നിന്ന് തന്നെ കേന്ദ്രം ഈടാക്കാന്‍ തുനിഞ്ഞപ്പോള്‍ ഭക്ഷണവും കുടിവെള്ളവും യാത്രാക്കൂലിയും കേരളം സ്വന്തം ചിലവില്‍ വഹിച്ചാണ് അവരെ യാത്രയാക്കിയത്.

വൈറസ് വ്യാപനം തടയുന്നതിനായി മുന്നറിയിപ്പുകളേതുമില്ലാതെ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ തൊഴിലും വരുമാനവുമില്ലാതെ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടന്ന ഇവരെ സംസ്ഥാനസര്‍ക്കാര്‍ ദീര്‍ഘ വീക്ഷണത്തോടെ ഇവരെ മാറ്റി താമസിപ്പിച്ചു.

മൂന്ന് ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികളാണ് കേരളത്തിലെ വിവിധ ജില്ലകളിലായി തൊഴിലെടുക്കുന്നത്. ഇവര്‍ക്കായി ഇരുപതിനായിരത്തിലധികം ക്യാമ്പുകളാണ് കേരളം സജ്ജീകരിച്ചത്. ഈ പ്രവര്‍ത്തനങ്ങളുടെ ഏകീകരണത്തിനും മേല്‍നോട്ടത്തിനും സംസ്ഥാന തലത്തില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന് പ്രത്യേക ചുമതലയും നല്‍കി.

കമ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സൗജന്യ ഭക്ഷണമെത്തിച്ച് നല്‍കിയും, പാകം ചെയ്ത് കഴിക്കുന്നവര്‍ക്ക് അവരുടെ ഭക്ഷണ രീതിക്കനുസരിച്ചുള്ള വിഭവങ്ങളെത്തിച്ചു നല്‍കിയും കേരളം ഈ ദുരിത കാലത്ത് കേരളം വിളിച്ചു പറഞ്ഞത് ലോകം മാതൃകയാക്കേണ്ടുന്നൊരു രാഷ്ട്രീയ സംസ്‌കാരത്തെക്കുറിച്ചാണ്.

അന്നം തേടിയെത്തിയ നാട്ടില്‍ അവഗണനയുടെ പടുകുഴിയില്‍പ്പെട്ട് ഗതികേടുകള്‍ കൊണ്ട് കണ്ണെത്താ ദൂരത്തുള്ള സ്വന്തം നാട്ടിലേക്ക് യാതൊരു സുരക്ഷയുമില്ലാതെ നഗ്‌നപാദരായി നടന്നു നീങ്ങേണ്ടിവന്നത് പതിനായിരങ്ങള്‍ക്കാണ്. ഇവരില്‍ എത്ര ജീവനും ജീവിതങ്ങളുമാണ് പൊരിവെയിലില്‍ വിശപ്പും ദാഹവും സഹിക്കവയ്യാതെ പാതിവഴിയില്‍ വീണുപോയത്.

ഇന്ന് അഞ്ച് ട്രെയിനുകള്‍

ഇന്ന് തിരുവനന്തപുരം, കോഴിക്കോട്, ആലുവ, തിരൂര്‍, എറണാകുളം സൗത്ത് എന്നിവിടങ്ങളില്‍നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് പദ്ധതി.

തിരുവനന്തപുരത്തുനിന്നും കോഴിക്കോട് നിന്നും ജാര്‍ഖണ്ഡിലേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ആലുവയില്‍നിന്നും തിരൂരില്‍നിന്നും ബിഹാറിലെ പാറ്റ്‌നയിലേക്കാണ് ട്രെയിന്‍.

എറണാകുളം സൗത്തില്‍നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് ട്രെയിന്‍ പുറപ്പെടുന്നത്. ശാരീരിക അകലം പാലിച്ച് കര്‍ശന സുരക്ഷയോടെയാണ് യാത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News