സംസ്ഥാനത്തെ മൂന്നു മേഖലകളാക്കി തിരിക്കും; മദ്യശാലകള്‍ തുറക്കില്ല; ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഓണ്‍ലൈന്‍ വ്യാപാരം നടത്താം; തീരുമാനം ഉന്നതതലയോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനം. നിലവില്‍ അനുകൂല സാഹചര്യമല്ലെന്ന വിലയിരുത്തലിലാണ് തീരുമാനം.

ഗ്രീന്‍, ഓറഞ്ചു സോണുകളിലെ ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാം. എന്നാല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കേണ്ടെന്നും യോഗത്തില്‍ തീരുമാനമായി. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ നടത്താമെന്നും യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ മൂന്നു മേഖലകളാക്കി തിരിക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വൈകിട്ട് അഞ്ചു മണിക്ക് മാധ്യമങ്ങളിലൂടെ അറിയിക്കും.

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഇന്നലെയാണ് ലോക്ഡൗണ്‍ മെയ് 17 വരെ നീട്ടാന്‍ കേന്ദ്രം തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ ഗ്രീന്‍, ഓറഞ്ചു സോണുകളില്‍ മദ്യക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് അവിടത്തെ സ്ഥിതിഗതികള്‍ അനുസരിച്ച് തീരുമാനം എടുക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here