ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ്; എട്ട് പേര്‍ രോഗമുക്തര്‍: സാമൂഹികവ്യാപന ഭീഷണി ഒഴിഞ്ഞിട്ടില്ല, ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി; പുതിയ ഹോട്ട് സ്‌പോട്ടുകളില്ല, ഞായറാഴ്ച പൂര്‍ണ്ണ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലും കണ്ണൂരിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

എട്ട് പേര്‍ക്ക് നെഗറ്റീവായി. ഇതില്‍ ആറ് പേര്‍ കണ്ണൂരില്‍. ഇടുക്കിയില്‍ രണ്ട് പേര്‍ക്ക് രോഗം ഭേദമായി. കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വിവരങ്ങള്‍ അറിയിച്ചത്.

96 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 21,894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 31,183 സാമ്പിളുകള്‍ പരിശോധിച്ചു. 30,358 എണ്ണത്തില്‍ രോഗബാധയില്ല. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ 2,091 സാമ്പിളുകളില്‍ 1,234 എണ്ണം നെഗറ്റീവായി.

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. ഇപ്പോള്‍ 80 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. 23 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ണൂരിലും 11 ഇടുക്കിയിലും 11 കോട്ടയത്തുമാണ്. ഏറ്റവുമധികം കോവിഡ് ബാധിതര്‍ ചികിത്സയില്‍ ഉള്ളത് കണ്ണൂരാണ് 38 പേര്‍, ഇവരില്‍ രണ്ട് പേര്‍ കാസര്‍കോട് സ്വദേശികളാണ്. കോട്ടയത്ത് 18 പേരും കൊല്ലം, ഇടുക്കി ജില്ലകളില്‍ 12 പേര്‍ വീതവും ചികിത്സയിലാണ്.

ഒരു മാസമായി കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയായിരുന്നു വയനാട്. എന്നാല്‍ രോഗം സ്ഥിരീകരിച്ചതോടെ വയനാടിനെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റേണ്ടി വരും.

21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റുന്നു. നിലവില്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ ചികിത്സയിലില്ലാത്ത ജില്ലകളാണിവ. കണ്ണൂരും കോട്ടയവും റെഡ് സോണില്‍ തുടരും. സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കല്‍ മാറ്റും.

റെഡ് സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം കര്‍ശനമായി തുടരും. മറ്റ് പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും. ഹോട്ട്‌സ്‌പോട്ടുകളായ നഗരസഭകളില്‍ വാര്‍ഡോ ഡിവിഷനോ ആണ് അടച്ചിട്ടത്. ഇത് പഞ്ചായത്തുകളില്‍ കൂടി വ്യാപിപ്പിക്കും.

പൊതുഗതാഗതം ഗ്രീന്‍ സോണില്‍ അടക്കം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. ഹോട്ട്‌സ്‌പോട്ടുകളിലും ഇത് പാടില്ല. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ല. ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിര്‍ദ്ദേശം.

ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ഇടങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ സംസ്ഥാനത്ത് ഇളവ് അനുവദിക്കും. ആളുകള്‍ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയേറ്റര്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവയ്ക്ക് നിയന്ത്രണം തുടരും.ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ വേണ്ടെന്ന് വയ്ക്കും.

ഞായറാഴ്ച പൂര്‍ണ്ണ അവധി. കടകള്‍ തുറക്കരുത്. വാഹനങ്ങള്‍ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണം പൂര്‍ണ്ണതോതില്‍ കൊണ്ടുവരണം. അവശ്യ സേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് 15 വരെ പ്രവര്‍ത്തിക്കാം.

ഗ്രീന്‍ സോണുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി 7.30 വരെ കടകള്‍ പ്രവര്‍ത്തിക്കാം. ആഴ്ചയില്‍ ആറ് ദിവസവും ഇത് അനുവദിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഹോട്ടലുകള്‍ക്കും ഭക്ഷണശാലകള്‍ക്കും പാര്‍സല്‍ വിതരണത്തിനായി തുറക്കാം.

നിലവിലെ സമയക്രമം പാലിക്കണം. കടകള്‍ക്ക് നിലവിലെ സ്ഥിതി തുടരും. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരെ വച്ച് തുറക്കാം. ഇത് ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രമാണ് ബാധകം. ഈ സോണുകളില്‍ ടാക്സി, ഊബര്‍ ടാക്സി എന്നിവ അനുവദിക്കും.

ലോക്ഡൗണ്‍ നീട്ടിയപ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് സംസ്ഥാനത്തിന്റെ സവിശേഷത കൂടി ഉള്‍ക്കൊണ്ട് നിയന്ത്രണം നടപ്പാക്കും.

ചികിത്സയ്ക്കും പ്രതിരോധത്തിനും ആദ്യ ഘട്ടത്തില്‍ പ്രാധാന്യം നല്‍കി. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിന് കടുത്ത നിയന്ത്രണം ഏഡപ്പെടുത്തിയത് ഫലം ചെയ്തു. അപകടനില തരണം ചെയ്തിട്ടില്ല. സാമൂഹിക വ്യാപനമെന്ന ഭീഷണി ഒഴിഞ്ഞുപോയിട്ടില്ല. നല്ല ജാഗ്രത പുലര്‍ത്തണം.

സാമ്പത്തിക ചലനങ്ങളെ നിയന്ത്രിക്കേണ്ടി വന്നിട്ടുണ്ട്. സ്വാഭാവിക ജനജീവിതം അനുവദിക്കുന്നതാണ് പരിശോധിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന മലയാളികളുടെ നാട് കൂടിയാണ് ഇത്. അവരെ ഇവിടേക്ക് കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏര്‍പ്പെടുത്തണം. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News