പ്രായമായവരെയും ഗുരുതരരോഗം ബാധിച്ചവരെയും കൊവിഡ് ബാധിക്കാന്‍ സാധ്യത കൂടുതല്‍; പ്രത്യേക ശ്രദ്ധ വേണം, വീട്ടുകാരും നല്ല ബോധവാന്മാരാകണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രായമായവര്‍, ഗുരുതരരോഗം ബാധിച്ചവരെയെല്ലാം കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അതുകൊണ്ട് അവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. അവര്‍ ഈ കാര്യം മനസിലാക്കണം. വീട്ടുകാരും നല്ല ബോധവാന്മാരാകണം. 65 വയസിന് മുകളിലുള്ളവരും പത്ത് വയസിന് താഴെയുള്ള കുട്ടികളും വീടുകളില്‍ കഴിയണം. നല്ല രീതിയില്‍ ബോധവത്കരിക്കാന്‍ മാധ്യമങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. വൈകിട്ട് ഏഴര മുതല്‍ രാവിലെ ഏഴ് വരെ സഞ്ചാരത്തിന് നിയന്ത്രണം ഉണ്ടാകും.

ഗ്രീന്‍ സോണുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി 7.30 വരെ കടകള്‍ പ്രവര്‍ത്തിക്കാം. ആഴ്ചയില്‍ ആറ് ദിവസവും ഇത് അനുവദിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഹോട്ടലുകള്‍ക്കും ഭക്ഷണശാലകള്‍ക്കും പാര്‍സല്‍ വിതരണത്തിനായി തുറക്കാം. നിലവിലെ സമയക്രമം പാലിക്കണം. കടകള്‍ക്ക് നിലവിലെ സ്ഥിതി തുടരും.

ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരെ വച്ച് തുറക്കാം. ഇത് ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രമാണ് ബാധകം. ഈ സോണുകളില്‍ ടാക്‌സി, ഊബര്‍ ടാക്‌സി എന്നിവ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ച പൂര്‍ണ്ണ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ തുറക്കരുത്. വാഹനങ്ങള്‍ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണം പൂര്‍ണ്ണതോതില്‍ കൊണ്ടുവരണം. അവശ്യ സേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് 15 വരെ പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ഇടങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഇളവ് അനുവദിക്കും. ആളുകള്‍ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയേറ്റര്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവയ്ക്ക് നിയന്ത്രണം തുടരും. ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ വേണ്ടെന്ന് വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News