ദില്ലി: ദില്ലി സിആര്‍പിഎഫ് ക്യാമ്പിലെ ജവാന്മാര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ. മലയാളി ഉള്‍പ്പടെ 122 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മയൂര്‍ വിഹാര്‍ 31ാം ബറ്റാലിയന്‍ സിആര്‍പിഎഫ് ക്യാമ്പാണ് തീവ്രകൊവിഡ് ബാധിതത മേഖലകളില്‍ ഒന്നായി മാറുന്നത്. 350 ജവാന്മാരില്‍ ഇതുവരെ രോഗികളായത് 122 പേര്‍. 150 പേരുടെ പരിശോധന ഫലം കൂടി വരാനുണ്ട്.
നേരത്തെ ക്യാമ്പിലെ ഒരു ജവാന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ശ്രീനഗറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം അസമില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടെ ലോക്ഡൗണ്‍ വന്നതിനാല്‍ ഡല്‍ഹി ക്യാമ്പില്‍ തങ്ങുകയായിരുന്നു. ഇദ്ദേഹത്തില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നതെന്നാണ് കരുതുന്നത്.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരുന്നു. നിലവില്‍ ക്യാമ്പ് പൂര്‍ണ്ണമായി അടച്ചിരിക്കുകയാണ്. ഐടിബിപിയിലെ അഞ്ച് സൈനികര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
59 പേര്‍ക്ക് ഡല്‍ഹി പൊലീസിലും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സേനയിലെ എല്ലാവരെയും പരിശോധന നടത്തുമെന്ന് പൊലീസ് കമ്മീഷണര് അറിയിച്ചു. രണ്ട് ഡിസിപിമാര്‍ ഉള്‍പ്പടെ നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വരെ നിരീക്ഷണത്തിലാണ്.

Get real time update about this post categories directly on your device, subscribe now.