മുംബൈയിൽ ചികിത്സ ലഭിക്കാതെ മരിച്ച മലയാളിക്ക് കൊറോണ; ആശുപത്രികളുടെ അനാസ്ഥക്കെതിരെ കടുത്ത പ്രതിഷേധം

മഹാരാഷ്ട്രയിൽ കോവിഡ് പരിശോധന സൗജന്യമാക്കിയ വാർത്ത പുറത്തു വരുമ്പോഴാണ് ചികിത്സ നിഷേധിച്ചതിനെ പേരിൽ നിരവധി ജീവനുകൾ പൊലിഞ്ഞു കൊണ്ടിരിക്കുന്നത്.

മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവ പ്രവർത്തകനായിരുന്ന ഖാലിദ് ബംബ്രാണിയാണ് കോവിഡ് ബാധിച്ചു മരണമടഞ്ഞത്.

പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ഖാലിദിനെ ഇന്നലെ മുംബൈയിലെ വിവിധ ആശുപത്രികളിൽ കൊണ്ട് പോയെങ്കിലും ചികിത്സ നിഷേധിക്കുകയായിരുന്നു. പിന്നീട് മലയാളി സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്നത്. എന്നാൽ ചികിത്സക്ക് കാത്തിരിക്കാതെ മരണം സംഭവിക്കുകയായിരുന്നു.

ഇപ്പോൾ പുറത്തു വന്ന പരിശോധനാ ഫലത്തിലാണ് മരണ കാരണം കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. കോവിഡ് രോഗബാധ ലക്ഷണം തുടങ്ങിയ ഉടനെ മരണം സംഭവിച്ചത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

കാസർകോട് കുമ്പള സ്വദേശിയാണ് മുംബെയിൽ കോവിഡ് ബാധിച്ച് മരിച്ച ഖാലിദ് ബംബ്രാണി. 54 കാരനായ ഖാലിദ് ദീർഘകാലമായി മുംബെയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

പരിശോധന ഫലത്തിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ മുംബെയിൽ തന്നെ പ്രോട്ടോകോൾ പാലിച്ചായിരുന്നു ഖബറടക്കമെന്ന് ബോംബെ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി എച്ച് റഹ്മാൻ അറിയിച്ചു.

ഐ എൻ എൽ പ്രവർത്തകനായിരുന്ന ഖാലിദ് മുംബെയിലും നാട്ടിലും സാമൂഹ്യ- പൊതുരംഗങ്ങളിൽ സജീവമായിരുന്നു. ഐ എം സി സി മുംബെ ശാഖ പ്രസിഡണ്ട് കൂടിയായിരുന്നു അകാലത്തിൽ വിട പറഞ്ഞ ഖാലിദ്.

നഗരത്തിൽ കൊറോണക്കാലത്ത് ചികിത്സ ലഭിക്കാതെ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ഖാലിദ്. നിരവധി പേരാണ് ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്നുവെന്നത് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം ഇനിയും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ആശുപത്രികളുടെ അനാസ്ഥക്കെതിരെ കടുത്ത പ്രതിഷേധം

ഇതൊരു സാമൂഹിക പ്രശ്നമാണെന്നും ഗുരുതരമായ ഇന്നത്തെ അവസ്ഥക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ നിരവധി വിലപ്പെട്ട ജീവനുകളാകും നഗരത്തിന് നഷ്ടമാകുകയെന്നാണ് ബോംബെ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഖാദർ ഹാജി പ്രതികരിച്ചത്.

ഒരു പനിയായി ചെന്നാൽ പോലും രോഗികളെ പരിശോധിക്കാൻ നഗരത്തിലെ സ്വകാര്യ ആശുപത്രികൾ വിസമ്മതിക്കുകയെന്നും ആരോഗ്യ മേഖലയുടെ സേവനം അടിയന്തിരമായി ആവശ്യമുള്ള ഘട്ടങ്ങളിലാണ് പല ആശുപത്രികളും അടച്ചു പൂട്ടുകയോ ചികിത്സ നിഷേധിക്കുകയോ ചെയ്യുന്ന പ്രവണത കൂടി വരുന്നതെന്നും ഇത് വളരെ ഗൗരവമായി കാണേണ്ട വിഷയമാണെന്നും ഖാദർ ഹാജി മുന്നറിയിപ്പ് നൽകി.

നഗരത്തിലെ പ്രധാന ആശുപത്രികളിലെല്ലാം കൊണ്ട് പോയെങ്കിലും എവിടെയും അടിയന്തിര ചികിത്സ നൽകുവാനുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്നതിലാണ് മടങ്ങി പോകേണ്ടി വന്നതെന്നും ഗുരുതരമായ അവസ്ഥയിലൂടെയാണ് നഗരം കടന്നു പോകുന്നതെന്നും ജമാഅത്ത് പ്രസിഡന്റ് സി എച്ച് റഹ്മാൻ പറഞ്ഞു.

നഗരത്തിലെ പ്രമുഖ ആശുപത്രികളുമായും ബി എം സി അധികൃതരുമായും ബന്ധങ്ങൾ ഉണ്ടായിട്ടു പോലും ഒന്നും ചെയ്യുവാൻ കഴിയാത്ത ഒരു അവസ്ഥയിലൂടെ നഗരം കടന്ന് പോകുന്നതെന്നും റഹ്മാൻ ആശങ്ക പ്രകടിപ്പിച്ചു.

ആശുപത്രി അധികൃതരുടെ ഇത്തരം നിഷേധാത്മകമായ നീക്കത്തിനെതിരെ നടപടിയെടുക്കണമെന്നും സർക്കാർ ഇടപെട്ട് പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്നും ബോംബെ കേരള മുസ്ലിം ജമാഅത്ത് ട്രഷറർ വി കെ സൈനുദ്ദീൻ പറഞ്ഞു.

സർക്കാർ കൂടുതൽ ക്രിയാത്മകമായ കരുതലുകൾ നടത്തേണ്ട സമയം

അതിക്രമിച്ചിരിക്കുകയാണെന്നും കോവിഡ് പ്രതിരോധം ഭംഗിയായി നടത്തുമ്പോഴും മറ്റ് രോഗങ്ങൾക്ക് ചികിത്സ ലഭിക്കാതെ മനുഷ്യജീവൻ നഷ്ടപ്പെടുന്നത് മുംബൈ പോലെയുള്ള ലോകോത്തര നഗരങ്ങൾക്ക് അപമാനമാനിന്നും SNDP യോഗം മുംബൈ താനെ യൂണിയൻ ജനറൽ സെക്രട്ടറി ബിജുകുമാർ പറഞ്ഞു.

കോവിഡ് അല്ലാതെയുള്ള മറ്റു രോഗങ്ങൾക്കും പ്രത്യേകിച്ച് ഹൃദയസംബന്ധമായ അസുഖങ്ങൾ വരുമ്പോൾ ഉചിതമായ ചികിത്സ ലഭ്യമാക്കാൻ സർക്കാർ ആശുപത്രികളിൽ പ്രത്യേക സജ്ജീകരങ്ങൾ ഒരുക്കണമെന്നും ഇനി ആരും ചികിത്സ ലഭിക്കാതെ മരണപ്പെടാൻ പാടില്ലെന്നും ബിജു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News