കൊറോണയുടെ പേരില്‍ ബംഗാളില്‍ രാഷ്ട്രീയ യുദ്ധം; ഗവര്‍ണര്‍ക്കെതിരെ മമതാ ബാനര്‍ജി

കൊവിഡിനെ ചൊല്ലി ബംഗാളിൽ മമത ബാനർജിയും ഗവർണറും തമ്മിൽ പോര് മുറുകുന്നു.കൊവിഡിനെ മറയാക്കി അധികാരം പിടിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി.

മരണ സംഖ്യ ഉൾപ്പെടെയുള്ള കൊവിഡ് വിവരങ്ങൾ പുറത്തുവിടുന്നില്ലെന്ന ഗവർണറുടെ ആരോപണത്തിനാണ് മമതയുടെ പ്രതികരണം. വെളിപ്പെടുത്തലുകൾ നടത്താതെ മറ്റ്‌ വഴികളില്ലാതെ ആവുകയാണ് എന്ന് തിരിച്ചടിച്ചായിരുന്നു ഗവർണറുടെ മറുപടി
ബംഗാളിലെ കൊവിഡ് രോഗികളുടെ എണ്ണം, മരണ സംഖ്യ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ഇല്ല എന്നും സർക്കാർ പല വിവരങ്ങളും മറച്ചു വയ്ക്കുകയാണെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു.

വിഷയത്തിൽ ഗവർണർ ജഗ്ദീപ് ധൻഖാറും കഴിഞ്ഞ ദിവസങ്ങളിൽ സർക്കാറിനെതിരെ ശക്തമായ നിലപാടുമായി രംഗത്ത് എത്തിയിരുന്നു. കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെടുകയും ചെയ്തു.

ഇതിന് മറുപടിയുമായി മമത രംഗത്തെത്തിയതോടെയാണ് രാജ് ഭവനുമായുള്ള ഏറ്റുമുട്ടലിൽ പുതിയ യുദ്ധ മുഖം തുറന്നത്. കൊവിഡിനെ മറയാക്കി അധികാരം പിടിക്കാൻ ശ്രമിക്കുന്നുവെന്ന രാഷ്ട്രീയ ആരോപണം ഉന്നയിച്ചാണ് മമതയുടെ പ്രതിരോധം.

മഹാമാരിയുടെ സമയത്ത് രാഷ്ട്രീയ ഇടപെടൽ നടത്തുന്നത് അവസാനിപ്പിക്കണമെന്നും ഗവർണർക്ക് അയച്ച 14 പേജ് കത്തിൽ ആവശ്യപ്പെട്ടു. രണ്ടു ഭരണ സിരാ കേന്ദ്രങ്ങള്‍ ഉള്ള ഒരു ഭരണ സംവിധാനമെന്ന കോളനിക്കാലത്തെ ഗവർണർ ഓർമിപ്പിക്കുന്നു.

ഗവർണറുടെ വാക്കുകൾ അധിക്ഷേപകരവും, ആത്മനിയന്ത്രണം ഇല്ലാത്തതും ഭീഷണിപ്പെടുത്തുന്നതുമാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.കത്ത് ലഭിച്ചതിന് പിന്നാലെ ട്വീറ്റുകളിലൂടെയായിരുന്നു ഗവർണറുടെ മറുപടി.

വെളിപ്പെടുത്തലുകൾ നടത്താതെ മറ്റ് വഴികളില്ലാതെ ആവുകയാണെന്ന് തിരിച്ചടിച്ച ഗവർണർ ആരോപണങ്ങൾ വസ്തുതയ്ക്ക് നിരക്കാത്തതും നിയമ പരമായി നിലനിൽക്കാത്തതുമാണെന്ന് ട്വീറ്റ് ചെയ്തു.

മമതയ്ക്ക് ഭരണഘടനാ പരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി തന്നെ മറുപടി ഉണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കി. സംസ്ഥാനം മുൻപ് എങ്ങും ഇല്ലാത്ത വിധം പ്രതിസന്ധി നേരിടുമ്പോൾ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടലിനെതിരെ വൻ വിമർശനമാണ് ഉയർന്നു വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here