ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനം; എതിര്‍ക്കുന്നവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരാകുമെന്ന് മുഖ്യമന്ത്രി പിണറായി; കത്തിച്ചവര്‍ക്ക് മാനസാന്തരമൊന്നും വരില്ല, അവര്‍ അത്തരം മനസിന്റെ ഉടമകള്‍

തിരുവനന്തപുരം: കൊവിഡ് 19 പ്രതിസന്ധിയുടെ കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തവണകളായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ടവരായാലും ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരാകുമെന്നതാണ് ഇപ്പോഴത്തെ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യവും വിവിധ സംസ്ഥാനങ്ങളും പ്രത്യേക തരത്തിലെ ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കേന്ദ്രസര്‍ക്കാര്‍ ഡി. എ മരവിപ്പിക്കുകയാണ് ചെയ്തത്. ഇതിലൂടെ ഒരു ജീവനക്കാരന്റെ ഒന്നരമാസത്തെ ശമ്പളത്തിന് തുല്യമായ തുക ചുരുങ്ങിയത് നഷ്ടപ്പെടും.

ഉത്തര്‍പ്രദേശിലെ ആദിത്യനാഥ് സര്‍ക്കാരും ഡി.എ പിടിക്കുന്ന നിലപാടെടുത്തു. രാജസ്ഥാനില്‍ ശമ്പളം പിടിക്കാനെടുത്ത തീരുമാനത്തെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം.

ഗുരുനാഥനോട് നാട് കാട്ടുന്ന ആദരവിന് ചേര്‍ന്ന സമീപനമല്ല ഒരു മാസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഉത്തരവ് ചില അധ്യാപകര്‍ കത്തിച്ച നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് നേതൃത്വം നല്‍കിയ അധ്യാപകന്റെ സ്‌കൂളിലെ കുട്ടികള്‍ ചേര്‍ന്ന് തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ഇതിനുള്ള ഉചിതമായ മറുപടിയായി. ഇതാണ് നാടിന്റെ പ്രതികരണമെന്ന് അവര്‍ മനസിലാക്കണം. കത്തിച്ചവര്‍ക്ക് മാനസാന്തരമൊന്നും വരില്ല. അവര്‍ അത്തരമൊരു മനസിന്റെ ഉടമകളായിപ്പോയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ കേസ് വരുമ്പോള്‍ അതിനെ ശരിയായ രീതിയില്‍ പ്രതിരോധിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് പ്രധാനമാണ്. അതിനായി പ്രധാനപ്പെട്ട അഭിഭാഷകരെ നിയോഗിക്കേണ്ടി വരും. ഈ രീതി എല്ലാക്കാലത്തുമുണ്ട്. ഏത് സര്‍ക്കാരായാലും ഇത് ചെയ്യേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തു നിന്ന് പ്രവാസികള്‍ മടങ്ങിയെത്തി ക്വാറന്റൈനില്‍ കഴിയുമ്പോള്‍ അവര്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യേണ്ട അവസ്ഥയുണ്ട്. ഇതിനായി ഒരു പ്രത്യേക സാങ്കേതിക വിദ്യ ഏര്‍പ്പെടുത്തും.

നിശ്ചിത സമയത്ത് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ അവരെ അലര്‍ട്ട് ചെയ്യുന്ന സംവിധാനമുണ്ടാവും. ഇവരെ ബന്ധപ്പെടുന്നതിനും പരിശോധിക്കുന്നതിനും എല്ലാ പഞ്ചായത്തിലും ഡോക്ടര്‍മാര്‍ ഉണ്ടാവും.

ആവശ്യമായ മൊബൈല്‍ ക്ളിനിക്കുകളും ടെലി മെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തും. സംസ്ഥാനത്തുള്ളവരുടെ കാര്യത്തിലും ഇതേനടപടി തന്നെ സ്വീകരിക്കും. സംസ്ഥാനത്തിന് പുറത്ത് വീടുള്ളവര്‍ തത്ക്കാലം അവിടെ തന്നെ തുടരണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജോണ്‍ ബ്രിട്ടാസ് അവതാരകനായ പരിപാടി ഞായറാഴ്ച 7.30നാണ് സംപ്രേഷണം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News