സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ മൂന്നാം ക്ലാസുകാരന് സൈക്കിള്‍ വാങ്ങി നല്‍കി റവന്യൂ ഉദ്യോഗസ്ഥര്‍

സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ മൂന്നാം ക്ലാസുകാരന് റവന്യൂ ഉദ്യോഗസ്ഥര്‍ സൈക്കിള്‍ വാങ്ങി നല്‍കി.

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അതുല്‍ദാസിനാണ് പുതുപുത്തന്‍ സൈക്കിള്‍ സമ്മാനമായി ലഭിച്ചത്. ഡെപ്യൂട്ടി കലക്ടര്‍ സി ബിജു അതുല്‍ദാസിന്റെ വീട്ടിലെത്തി സൈക്കിള്‍ സമ്മാനിച്ചു.

ആറ് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കടം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് തന്റെ സ്‌കൂളിലെ അധ്യാപകര്‍ കത്തിക്കുന്നത് കണ്ടപ്പോള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അതുല്‍ദാസിന്റെ കണ്ണ് നിറഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല.

സൈക്കിള്‍ വാങ്ങാനായി കരുതിവെച്ച ലെപ്സം ഗ്രാന്റും മറ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. പിതാവ് ഹരിദാസനൊപ്പം താമരശ്ശേരി താലൂക്ക് ഓഫീസിലെത്തിയാണ് പണം തഹസില്‍ദാറെ ഏല്‍പ്പിച്ചത്.

ഇത് കണ്ട താലൂക്ക് ഓഫീസ് ജീവനക്കാര്‍ അതുല്‍ദാസിന് സൈക്കിള്‍ വാങ്ങി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഡെപ്യൂട്ടി കലക്ടര്‍ സി ബിജു, തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് എന്നിവര്‍ കൂടത്തായി കൊല്ലപ്പടിയിലെ വീട്ടിലെത്തി സൈക്കിള്‍ സമ്മാനിക്കുയും ചെയ്തു.

അപ്രതീക്ഷിതമായി പുതുപുത്തന്‍ സൈക്കിള്‍ ലഭിച്ച സന്തോഷത്തിലാണ് അതുല്‍ദാസ്. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ കൊച്ചുകുട്ടികള്‍ പോലും പങ്കാളികളാവുമ്പോള്‍ അവരെ അഭിനന്ദിക്കേണ്ടതുണ്ടെന്ന് ഡെപ്യൂട്ടി കലക്ടര്‍ സി ബിജു പറഞ്ഞു. …

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here