കുടുക്ക നിറയെ സ്നേഹം, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പൊലീസ് ജീപ്പ് കൈ നീട്ടി നിർത്തി കുരുന്നുകൾ

രണ്ട് കുട്ടികൾ പൊലീസ് ജീപ്പിന് കൈ നീട്ടിയപ്പോൾ കാര്യമെന്താണെന്ന് പൊലീസുകാർക്ക് മനസ്സിലായില്ല. ജീപ്പ് നിർത്തി സ്നേഹത്തോടെ കാര്യം തിരക്കിയപ്പോൾ
കൊഴിഞ്ഞാമ്പാറ നീലങ്കാച്ചി സ്വദേശികളായ 9 വയസ്സുകാരൻ അശ്വിനും 5 വയസ്സുകാരിയായ മിത്രയും കയ്യിലുള്ള കുടുക്ക കാണിച്ച് ആവശ്യം പറഞ്ഞു.

ഇതിലുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം. അശ്വിന് കഴിഞ്ഞ പ്രളയകാലത്ത് അമ്മ വാങ്ങിക്കൊടുത്തതാണ് പണം സൂക്ഷിക്കാനുള്ള കുടുക്ക. പ്രളയകാലത്ത് ദുരിതമനുഭവിക്കുന്നവരുടെ കഥകൾ അമ്മ പറഞ്ഞറിഞ്ഞതു മുതൽ ചെറുതും വലുതുമായ തുക മറ്റുള്ളവരെ സഹായിക്കാനായി കുടുക്കയിൽ നിക്ഷേപിക്കുകയായിരുന്നു.

കൊറോണ വ്യാപകമായതോടെ അമ്മയോട് പറഞ്ഞ് പണം ദുരിതാശ്വാസ നിധിയിയിലേക്ക് നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനായി പൊലീസിനെ ഏൽപിക്കാനാണ് ജീപ്പ് കൈ നീട്ടി നിർത്തിയത്. അശ്വിൻ്റ അമ്മയുടെ സഹോദരിയുടെ മകളാണ് മിത്ര.

രണ്ടു പേരുടെയും കുടുക്ക പൊട്ടിച്ചപ്പോൾ കിട്ടിയ 5581 രൂപ കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.വി. ബെന്നി തുക ഏറ്റുവാങ്ങി. കൊഴിഞ്ഞാമ്പാറ ഗവൺമെന്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ. സെന്റ് ഫ്രാൻസിസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് മിത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here