“ചെക്ക്മേറ്റ് കോവിഡ് 19” അന്തർദേശീയ ഓൺലൈൻ ചെസ്സ് ടൂർണമെൻ്റിൽ കേരളതാരം എസ് എൽ നാരായണൻ ചാമ്പ്യൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി “ചെക്ക്മേറ്റ് കോവിഡ് 19 അന്തർദേശീയ ഓൺലൈൻ ചെസ്സ് ടൂർണമെൻ്റ് കേരളതാരം എസ്.എൽ.നാരായണൻ ചാമ്പ്യൻ

ചെസ്സ് കേരള സംഘടിപ്പിച്ച ചെക്ക്മേറ്റ് കോവിഡ് ചെസ്സ് മത്സരം ചെസ്സ്ബേസിൻ്റെ പ്ലേ ചെസ്സ് പോർട്ടലിൽ അരങ്ങേറി. ഇന്ത്യ, റഷ്യ, അമേരിക്ക, അർജൻറീന, ചിലി, പെറു, വെനിസുല, ഇംഗ്ലണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ഇറാൻ, ഉസ്ബക്കിസ്ഥാൻ, ഉക്രൈൻ ,വിയറ്റ്നാം. അസർബൈജാൻ, ജർമ്മനി, ഈജിപ്ത്, അൾജീരിയ എന്നീ രാജ്യങ്ങളിൽ നിന്നും മൊത്തം 429 കളിക്കാർ പങ്കെടുത്തു.

34 ഗ്രാൻഡ് മാസ്റ്റർമാരും 30 ഇൻറർനാഷണൽ താരങ്ങളും പങ്കെടുത്ത മത്സരത്തിൽ മറ്റു പ്രഗത്ഭരെ പിൻതള്ളി കേരളത്തിൻ്റെ കരുത്തനായ യുവതാരം ഗ്രാൻഡ് മാസ്റ്റർ എസ്.എൽ. നാരായണൻ 10 റൗണ്ടുകളിൽ നിന്നും 9 പോയിൻ്റോടെ വിജയിയായി. 9 പോയിൻ്റ് തന്നെ കരസ്ഥമാക്കി കോമൺവെൽത്ത് ചാമ്പ്യൻ ഗ്രാൻഡ് മാസ്റ്റർ അഭിജിത്ത് ഗുപ്ത രണ്ടാം സ്ഥാനത്തെത്തി.

ജേതാവിന് 12000 രൂപയും റണ്ണർ അപ്പിന് 8000 രൂപയും ലഭിച്ചു. ഇരുവരും തങ്ങളടെ സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായി അറിയിച്ചു.

ഇൻ്റർനാഷണൽ മാസ്റ്റർമാരായ ടെറി റെനാറ്റോ (പെറു ), രവി തേജ (ഇന്ത്യ) എന്നിവർ 8.5 പോയിൻ്റോടെ മൂന്നും നാലും സ്ഥാനങ്ങൾക്കർഹരായി.ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർമാരായ അർജുൻ എറിഗൈസി, വൈഭവ് സൂരി, പുരാണിക് അഭിമന്യു, നിഹാൽ സീരൻ, റൗണക് സധ്വാനി, വി.വി.ലക്ഷ്മണൻ എന്നിവർ 8 പോയിൻ്റ് വീതം നേടി 5 മുതൽ 10 വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.

കേരളത്തിൻ്റെ കോവിഡ് 19 പ്രതിരോധത്തിന് ധനസഹായം സമാഹരിക്കാനായി ചെസ്സ് കേരള സംഘടിപ്പിച്ച ഈ മത്സരത്തിലൂടെ 4 ലക്ഷം രൂപ സംഭാവനയായി സമാഹരിച്ചു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

“ഓറിയൻറ് ചെസ്സ് മൂവ്സ് ” വക മൊത്തം 52000 രൂപ സമ്മാനത്തുക നൽകുന്ന മത്സരത്തിൽ ആർക്കും പങ്കെടുക്കാമായിരുന്നു. പ്രവേശന ഫീസില്ല. പകരം പങ്കെടുക്കുന്നവർ 250 രൂപയിൽ / 5 യൂറോയിൽ കുറയാത്ത സംഖ്യ സംഭാവനയായി നൽകണം.ഇതിലും വലിയ തുകകളും സംഭാവനയായി നൽകാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്തവർക്ക് ചെസ്സ് കേരളക്ക് നേരിട്ട് സംഭാവനയും നൽകാൻ കഴിയും.

കേരളത്തിൻ്റെ കോവിഡ് പ്രതിരോധങ്ങളെ ശ്ലാഘിച്ചുകൊണ്ടും “ചെക്ക്മേറ്റ് കോവിഡ് 19 അന്തർദേശീയ ചെസ്സ് മത്സര”ത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടും ഈ മത്സരത്തെ ചെസ്സ് സമൂഹം മുഴുവൻ പിന്തുണക്കണമെന്നു ആഹ്വാനം ചെയ്തു കൊണ്ടുമുള്ള വിശ്വനാഥൻ ആനന്ദിൻ്റെ വീഡിയോ സന്ദേശം “ചെസ്സ് കേരള”ക്ക് ലഭിച്ചിരുന്നു.

കഴിഞ്ഞ പ്രളയകാലത്തും “ചെസ്സ് കേരള” മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News