കൊവിഡ് പ്രതിസന്ധി; രാജ്യത്ത് കിട്ടാക്കടം ഇരട്ടിയാകുമെന്ന് റിപ്പോർട്ട്

കൊവിഡ് പ്രതിസന്ധി രാജ്യത്തെ കിട്ടാക്കടം ഇരട്ടിയാക്കുമെന്ന് റിപ്പോർട്ട്. 9 ശതമാനം കിട്ടാക്കടം എന്നത് 20 ശതമാനം വരെയായി ഉയരുമെന്നാണ് വിലയിരുത്തൽ. 25 ശതമാനത്തോളം ലോണുകളുടെയും തിരിച്ചടവിൽ പ്രയാസം നേരിടും. ഇതിനിടെ സമ്പദ്‌ വ്യവസ്ഥ നേരെയാകാൻ ഒരു വർഷം കഴിയുമെന്ന് വ്യക്തമാക്കി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേന്ദ്രത്തിന് റിപ്പോർട്ട് നൽകി.

കിട്ടാക്കടം പെരുകുന്നുവെന്ന വിമർശനം രാജ്യത്ത് സജീവമായി തുടരുന്നതിനിടെയാണ് കൊവിഡ് പശ്ചാത്തലത്തിൽ കിട്ടാക്കട പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന റിപ്പോർട്ട്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ ബാങ്കുകൾ അനുവദിച്ച ലോണുകളിൽ ഏകദേശം 20 മുതൽ 25 ശതമാനവും തിരിച്ചടയ്ക്കാൻ സാധിക്കാതെ പ്രതിസന്ധി നേരിടും.

ഇതിൽ വലിയ ശതമാനവും നിലവിലുള്ള കിട്ടാക്കടങ്ങളുടെ പട്ടികയിലേക്ക് ചേർക്കപ്പെടും. 2019 സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ കിട്ടാക്കടം 9.35 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ മുഴുവൻ ബാങ്കുകളുടെയും ആസ്തിയുടെ 9.1 ശതമാനം വരുമിത്. ഇതാണ് ഇരട്ടിയായി വർധിക്കാൻ പോകുന്നത്.

18 ശതമാനം മുതൽ 20 ശതമാനം വരെയായി ഇത് ഉയരുമെന്നാണ് അനുമാനം. ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥനേയും നാല് പ്രമുഖ ബാങ്കർമാരെയും ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത് രാജ്യത്തിന്റെ ക്രെഡിറ്റ് വളർച്ചയെ ബാധിക്കുമെന്നും സമ്പദ് വ്യവസ്ഥയുടെ അതിജീവനം മെല്ലെയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഇതിനിടെ സമ്പദ്‌ വ്യവസ്ഥ നേരെയാകാൻ ഒരു വർഷത്തിലേറെ സമയമെടുക്കുമെന്ന് കാണിച്ച്കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകി.

ജി ഡി പി യിലേക്ക് കൂടുതൽ സംഭാവന നൽകുന്ന 100 മുതൽ 150 വരെ ജില്ലകളിൽ വ്യവസായങ്ങൾ തുറക്കാൻ അനുവദിക്കണം. ഇത് തീവ്ര കോവിഡ്‌ ബാധിത മേഖല ആണെങ്കിൽ പോലും ആവശ്യമായ മുൻ കരുതലുകൾ ഉറപ്പാക്കി അനുമതി നൽകണമെന്നും സി ഐ ഐ ആവശ്യപ്പെട്ടു. കൊവിഡ് പരിശോധനയ്ക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും ചെലവാകുന്ന തുക
തുടർച്ചയായ അടച്ചിടൽ സൃഷ്ടിക്കുന്ന നഷ്ടത്തേക്കാൾ കുറവാണെന്നാണ് സംഘടനയുടെ വാദം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here