ലോക്ക്ഡൗണ്‍ ഉത്തരവുകള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍; റെഡ്സോണുകളിലൊ‍ഴികെ പരീക്ഷകള്‍ നടത്താം; ശനിയാ‍ഴ്ച പൊതു അവധി; ഞായറാ‍ഴ്ച സമ്പൂര്‍ണ അടച്ചിടല്‍

സംസ്ഥാനത്ത് ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പുതിയ ഉത്തരവിറങ്ങി. ഗ്രീന്‍ സോണുകള്‍ക്ക് മാത്രമാണ് പുതിയ ഇളവുകള്‍.

റെഡ് – ഒാറഞ്ച് സോണുകളിലെ ജില്ലകളിൽ ഹോട്ട്‌സ്‌പോട്ടുകളില്‍ നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ഗ്രീൻ സോണുകളിൽ പരീക്ഷാനടത്തിപ്പിനായി നിബന്ധനകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിധേയമായി തുറക്കാം.

പൊതുഗതാഗതം ലോക്ഡൗൺ നിലനിൽക്കുന്ന 17വരെയും അനുവദിക്കില്ല. ഗ്രീൻ സോണുകളിലെ നിയന്ത്രണങ്ങൾ ഇപ്രകാരമാണ്.

സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടില്‍ കൂടുതല്‍ ആളുകളുടെ യാത്ര അനുവദിക്കില്ല. ടൂവീലറുകളില്‍ പിന്‍സീറ്റ് യാത്ര പരമാവധി ഒഴിവാക്കണം. അത്യാവശ്യ സര്‍വീസുകള്‍ക്ക് പോകുന്നവര്‍ക്ക് ഇളവുണ്ടാകും. ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ക്ക് നിരോധനം.

തീയറ്റർ, ആരാധാനാലയങ്ങള്‍ എന്നിവയിലെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. പാര്‍ക്കുകള്‍, മദ്യശാലകള്‍ അനുവദിക്കില്ലില്ല. അവശ്യസര്‍വീസ് അല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി മെയ് 17 വരെ പ്രവര്‍ത്തിക്കാം.

ശനിയാഴ്ച അവധിയായിരിക്കും. വിവാഹം-മരണം എന്നിവയിലെ ചടങ്ങുകളില്‍ ഇരുപതില്‍ കൂടുതല്‍ ആളുകള്‍ അനുവദിക്കില്ല. മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍ എന്നവ തുറക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുത്. എന്നാൽ പരീക്ഷാനടത്തിപ്പിനായി നിബന്ധനകള്‍ക്ക് വിധേയമായി ഇവ ഗ്രീൻ സോണിൽ തുറക്കാം.

ഗ്രീന്‍ സോണുകളില്‍ കടകളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെയാകും. അകലം സംബന്ധിച്ച് നിബന്ധനകള്‍ പാലിക്കണം.

ഓറഞ്ച് സോണുകളില്‍ നിലവിലെ സമയക്രമത്തിൽ മാറ്റമില്ല. ഞായാറാഴ്ച എല്ലാ സോണുകളിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും. ഗ്രീന്‍ സോണുകളിലെ സേവനമേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം പ്രവർത്തിക്കാം. പരമാവധി 50% ജീവനക്കാർ മാത്രമേ പാടുള്ളു.

എന്നാൽ ഓറഞ്ച് സോണില്‍ നിലവിലെ സ്ഥിതി തുടരും. ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍ക്ക് പാഴ്‌സല്‍ സര്‍വീസ് നടത്താം. സമയക്രമം നിലവിലേത് തുടരും.

ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാവുന്നതാണ്. ഒന്നിലധികംനിലകളില്ലാത്ത ചെറുകിട ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങള്‍ക്ക് പരമാവധി അഞ്ച് ജീവനക്കാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കാം.

ഇളവ് ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ക്ക് മാത്രം ബാധകമാണ്. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News