ശമ്പള ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് ബിജെപി അനുകൂല സര്‍വീസ് സംഘടനകളുടെ ഹര്‍ജി

ശമ്പള ഓർഡിനൻസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോണ്‍ഗ്രസ്സ് ബിജെപി അനുകൂല സര്‍വ്വീസ് സംഘടനകളായ NGO അസോസിയേഷനും NGO സംഘുമാണ് ഹർജിക്കാര്‍.

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 25 ശതമാനം മാറ്റിവെക്കാന്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് നിയമപരമല്ലെന്നാണ് ഹര്‍ജിയിലെ ആരോപണം.

കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം വീതം 5 മാസത്തേക്ക് മാറ്റിവെക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.

ഇതിനെതിരെ പ്രതിപക്ഷത്തെ ചില സര്‍വ്വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിക്കുകയും സര്‍ക്കാര്‍ ഉത്തരവിന് രണ്ട് മാസത്തെ സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ ഉത്തരവിന് നിയമപിന്‍ബലമില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നടപടി. എന്നാല്‍ ഉത്തരവ് നിയമപരമാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്നു.

കേരള ഡിസാസ്റ്റര്‍ & പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി സ്പെഷല്‍ പ്രൊവിഷന്‍സ് എന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ നിയമമായി.

ഈ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ്സ് ബി ജെ പി അനുകൂല സര്‍വ്വീസ് സംഘടനകള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശമ്പളം തങ്ങളുടെ അവകാശമാണെന്നും ഓര്‍ഡിനന്‍സ് നിയമപരമല്ലെന്നുമാണ് ഹര്‍ജിക്കാരുടെ ആരോപണം.

ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനത്തോട് സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചുകൊണ്ട് ഒരു വിഭാഗം അധ്യാപകര്‍ പ്രതിഷേധിച്ചത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.

പ്രതിസന്ധികാലത്ത് മറ്റെല്ലാം മറന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികള്‍ വരെ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കവെ കോണ്‍ഗ്രസ്സ് ബി ജെ പി അനുകൂലികളായ സര്‍ക്കാര്‍ ജീവനക്കാരുടെ നിസ്സഹകരണ മനോഭാവം വലിയ സമൂഹ്യ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here