ഇതര സംസ്ഥാനങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്തത് ഒന്നേകാല്‍ ലക്ഷം പേര്‍ ; യാത്രാസൗകര്യം ഒരുക്കാന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിനകത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ 1,26,263 മലയാളികളാണ് നാട്ടിലേക്കു വരാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കര്‍ണാടക(55188), തമിഴ്നാട്(50,863), മഹാരാഷ്ട്ര(22515) തെലങ്കാന(6422),ഗുജറാത്ത്(4959), ആന്ധ്ര(4338),ഡല്‍ഹി(4236)എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് വരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക്.

ആയിരത്തില്‍ താഴെയുള്ള സംസ്ഥാനങ്ങളുമുണ്ട്. ഈ വിവരങ്ങള്‍ പൂര്‍ത്തിയായതോടെ ഇവരെ നാട്ടിലേത്തിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 28,272 പേരാണ് പാസിന് അപേക്ഷിച്ചത്. 5470 പാസ് വിതരണം ചെയ്ത് കഴിഞ്ഞു. ഇന്നുച്ചവരെ 515 പേര്‍ വിവിധ ചെക്പോസ്റ്റ് വഴി എത്തി.

നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ പാസുകള്‍ നല്‍കുന്നുണ്ട്. അതിര്‍ത്തിയിലെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ നിന്നും ഇതുവരെ 13,818 അതിഥി തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് പോയിട്ടുള്ളത്.

രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ചില്‍ ഒന്ന് ആളുകള്‍ക്ക് മാത്രമേ സ്വന്തം വാഹനത്തിലോ വായകയ്ക്കെടുത്തോ നാട്ടിലെത്താനാകു. മറ്റുള്ളവര്‍ ഗതാഗത സൗകര്യം ഒരുക്കിയില്ലെങ്കില്‍ തിരിച്ചെത്താന്‍ പ്രയാസമുള്ളവരാണ്. അവര്‍ക്കിപ്പോഴുള്ള സ്ഥലത്ത് നിന്നും കേരളത്തിലേക്ക് എത്താന്‍ നിരവധി തടസങ്ങളുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ആവശ്യമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണമടക്കം പ്രധാനമന്ത്രിക്ക് കത്തയച്ചു.

കേരളത്തില്‍ നിന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് അതിഥി തൊഴിലാളികള്‍ക്ക് പോകാന്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ട്രെയിനുകളില്‍ സംസ്ഥാനത്തേക്ക് വരേണ്ട പ്രവാസി മലയാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

അതോടൊപ്പം ശാരീരിക അകലവും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇവരെ കൊണ്ടുവരുന്നതിന് കേരളത്തിലേക്ക് അനുവദിക്കണമെന്നും കേന്ദ്രത്തോട് അഭ്യര്‍ഥിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നോര്‍ക്ക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍, അതില്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ വഴി ബന്ധപ്പെട്ട ജില്ലാ കളക്ടറില്‍ നിന്നും യാത്രാനുമതി വാങ്ങണം. ഗ്രൂപ്പുകളായി വരാനുള്ള സംവിധാനവും ഒരുക്കി. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇനിയും അവസരമുണ്ട്. സംസ്ഥാനത്ത് പ്രവേശിക്കുന്ന ചെക്പോസ്റ്റില്‍ എത്തുന്ന തീയതിയും സമയവും രേഖപ്പെടുത്തി അപേക്ഷ നല്‍കണം.

കളക്ടര്‍മാര്‍ അനുവദിക്കുന്ന പാസ് മൊബൈല്‍ ഈ മെയില്‍ വഴിയാണ് നല്‍കുക. ഏത് സംസ്ഥാനത്ത് നിന്നാണ് യാത്ര തിരിക്കുന്നത്, അവിടെ നിന്നുള്ള അനുമതിയും സ്‌ക്രീനിംഗ് വേണമെങ്കില്‍ അതും യാത്ര തിരിക്കുന്നതിന് മുമ്പ് ഉറപ്പാക്കണം. നിര്‍ദ്ധിഷ്ട സമയത്ത് ചെക്പോസ്റ്റില്‍ എത്തിയാല്‍ പാസ് കാണിച്ച് ആവശ്യമായ വൈദ്യ പരിശോധനക്ക് ശേഷം സംസ്ഥാനത്തേക്ക് കടക്കാം.

അതിര്‍ത്തി വരെ വാടക വാഹനത്തില്‍ വന്ന് തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ സ്വന്തം നിലയ്ക്ക് വാഹനം ഏര്‍പ്പെടുത്തണം. ഡ്രൈവര്‍മാര്‍ യാത്രയ്ക്ക് ശേഷം ക്വാറന്റൈനില്‍ പോകണം. രോഗലക്ഷണമില്ലാത്തവര്‍ക്ക് വീടുകളില്‍ പോയി ഹോം ക്വാറന്റൈനില്‍ പ്രവേശിക്കാം. രോഗലക്ഷണമുള്ള യാത്രക്കാരെ കോവിഡ് കെയര്‍ സെന്ററിലേക്കോ ആശുപത്രിയിലേക്കോ മാറ്റും.

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുട്ടികളേയോ, ഭാര്യാഭര്‍ത്താക്കന്‍മാരേയോ, മാതാപിതാക്കളേയോ കൂട്ടിക്കൊണ്ടുവരാന്‍ അങ്ങോട്ട് യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ അനുമതി വേണം. ഒപ്പം അവരുടെ സ്വന്തം ജില്ലാ കളക്ടുടെ അനുമതിയും ആവശ്യമാണ്. കൂട്ടിക്കൊണ്ടുവരാന്‍ പ്രശ്നമില്ല. എന്നാല്‍ സംസ്ഥാനത്തിന്റെ അനുമതി വേണം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ക്ക് മടക്കയാത്രയ്ക്ക് അതത് ജില്ലാ കളക്ടര്‍മാര്‍ പാസ് നല്‍കും. കേരളത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. അത്യാവശ്യഘട്ടം വന്നാല്‍ സെക്രട്ടേറിയേറ്റിലേ വാര്‍ റൂമുമായോ നിര്‍ദ്ധിഷ്ട ചെക്പോസ്റ്റുമായോ ബന്ധപ്പെട്ടണം.

മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് ആദ്യ ഘട്ടത്തില്‍ യാത്ര. വിദ്യാര്‍ഥികള്‍, കേരളത്തില്‍ സ്ഥിര താമസക്കാരായിരിക്കെ ഇതര സംസ്ഥാനത്തേക്ക് പോയ മുതിര്‍ന്ന പൗരവന്‍മാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ പ്രശ്നമുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ പട്ടികയില്‍ പെടും. ഇവര്‍ എത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കണം. സംസ്ഥാനത്ത് കോവിഡ് ബാധ നിയന്ത്രിക്കുന്നതിനും വരുന്നവരുടെ സുരക്ഷയും കരുതിയാണ് ഇത്തരം നിയന്ത്രണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഘട്ടം ഘട്ടമായി ഈ പ്രക്രിയ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News