ലോക്ക്ഡൗണ്‍ സംസ്ഥാനത്തിന്റെ നഷ്ടം 29000 കോടി; ആസൂത്രണ ബോര്‍ഡ് റിപ്പോര്‍ട്ട്

കോവിഡ്‌ സൃഷ്ടിച്ച അടച്ചുപൂട്ടലിൽ സംസ്ഥാനത്തിന്റെ മൊത്ത നഷ്ടം 29,000 കോടി രൂപ. സമ്പദ്‌ഘടനയിൽ മൊത്തം മൂല്യവർധനയിൽ ഇക്കാലയളവിൽ 80 ശതമാനത്തിന്റെ കുറവ്‌ കണക്കാക്കി.

സംസ്ഥാന ആസൂത്രണ ബോർഡിന്റെ ദ്രുതഗതി വിലയിരുത്തലിലാണ്‌ കോവിഡും തുടർന്നുള്ള അടച്ചുപൂട്ടലും കേരള സമ്പദ്‌ഘടനയിൽ ചെലുത്തിയ ആഘാതം വ്യക്തമാക്കിയത്‌. അടച്ചുപൂട്ടലിലായ മാർച്ചിലെ 10 ദിവസം, ഏപ്രിൽ, മെയ്‌ മൂന്നുവരെയുള്ള കാലയളവിലെ നഷ്ടമാണ്‌ തിട്ടപ്പെടുത്തിയത്‌. റിപ്പോർട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി.

തോട്ടമുൾപ്പെടെ കാർഷിക മേഖലയിലെ മൊത്ത നഷ്ടം 1570.75 കോടിയാണ്‌. കർഷകത്തൊഴിലാളികളുടെ വേതനനഷ്ടം 200.30 കോടിയും. നെൽക്കൃഷിയിലിത്‌ 15 കോടിയാണ്‌‌. ജൂണിലാരംഭിക്കേണ്ട മൺസൂൺ കൃഷി ആശങ്കയിലാണ്‌.

പച്ചക്കറി മേഖലയിലെ ആകെ നഷ്ടം 147 കോടിയാണ്‌; കയറ്റുമതി 40 ശതമാനം കുറഞ്ഞു. പഴം, കിഴങ്ങുവർഗം, കശുവണ്ടി തുടങ്ങി എല്ലാ മേഖലയിലും നഷ്ടമുണ്ട്‌. തേയിലയിൽ 141 കോടിയും, മൃഗസംരക്ഷണ മേഖലയിൽ 181 കോടിയുമാണ്‌ നഷ്ടം.

മത്സ്യമേഖലയ്‌ക്ക്‌ മൊത്ത നഷ്ടം 1371 കോടിയാണ്‌. 41,664 മെട്രിക്‌ ടൺ സമുദ്രമത്സ്യം ഇക്കാലയളവിൽ ശേഖരിക്കപ്പെടുമായിരുന്നു, 16,000 മെട്രിക്‌ ടൺ കയറ്റുമതിയും തടസ്സപ്പെട്ടു.

വ്യവസായ മേഖലയിൽ ഉൽപ്പാദനമുല്യവർധന നഷ്ടം 8000 കോടി കവിയുമെന്നാണ്‌ അനുമാനം. സ്വയംതൊഴിൽ, താൽക്കാലിക തൊഴിലാളികൾക്ക്‌ 350 കോടി രൂപയുടെ വേതന, വരുമാന നഷ്ടമുണ്ട്‌. ഹോട്ടൽ, റെസ്‌റ്റോറന്റ്‌, വ്യാപര മേഖലയിലെ വരുമാന കുറവ്‌ 17,000 കോടി രൂപ‌. പരമ്പരാഗത വ്യവസായത്തിലടക്കം 35.2 ലക്ഷം സാധാരണ തൊഴിലാളികൾക്ക്‌ പൂർണ വരുമാന നഷ്ടവുമുണ്ട്‌.

ടൂറിസം മേഖലയിൽ മാർച്ചു മുതൽ സെപ്‌തംബർവരെ തിരിച്ചടിയാണ്‌. വിനോദസഞ്ചാര കലണ്ടറിന്റെ മുഖ്യപങ്കും പ്രതിസന്ധിയിലായി. 20,000 കോടി രൂപയാണ്‌ താൽക്കാലിക നഷ്‌ടം. റോഡ്‌ ഗതാഗത മേഖലയിൽ പ്രതിദിന അറ്റവരുമാന നഷ്ടം 241 കോടി കവിയും.

ഐടി മേഖലയിൽ പ്രതിദിനം 26,200 തൊഴിൽ നഷ്ടമുണ്ട്‌. അനുബന്ധ പരോക്ഷ തൊഴിൽ നഷ്ടം 80,000 ദിനവും. കെഎസ്‌ഇബിക്ക്‌ 210 കോടിയുടെ വരുമാന നഷ്ടമുണ്ടാകും. വ്യവസായ, വാണിജ്യ, സ്ഥാപന ഉപയോക്താക്കളിൽനിന്നുള്ള വരുമാന കുറവാണിത്‌.

തോട്ടം മേഖലയിൽ കൂലിയായി 80 കോടി രൂപ കുറയും. തൊഴിലുറപ്പിലും 177 കോടിയുടെ വരവുമാന നഷ്ടം കണക്കാക്കുന്നു. അയ്യൻകാളി നഗര തൊഴിലുറപ്പിൽ 15 കോടിയും. പ്രവാസി മേഖലയിലെ നഷ്ടം കണക്കാക്കേണ്ടതുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News