ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികള്‍ കേരളത്തിലെത്തി തുടങ്ങി

ലോക്ക് ഡൗണില്‍ ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികള്‍ കേരളത്തിലെത്തി തുടങ്ങി. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് യാത്ര പാസ് ലഭിച്ചവരെ വിശദമായ പരിശോധനകള്‍ക്കു ശേഷമാണ് അതിര്‍ത്തി കടക്കാനനുവദിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള ആറ് ചെക്ക് പോസ്റ്റുകളിലൂടെയാണ് അന്തര്‍ സംസ്ഥാന യാത്ര അനുവദിച്ചിരിക്കുന്നത്

തിരുവനന്തപുരം കളിയിക്കാവിള, കൊല്ലം ആര്യങ്കാവ്, ഇടുക്കി കുമളി, പാലക്കാട് വാളയാര്‍, വയനാട് മുത്തങ്ങ, കാസര്‍കോഡ് മഞ്ചേശ്വരം എന്നീ അതിര്‍ത്തികള്‍ വഴിയാണ് യാത്രാ പാസുമായെത്തുന്നവര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പ്രവേശന സമയം. ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ കാറുകളിലും ഇരുചക്ര വാഹനങ്ങളിലുമായെത്തി. അതിര്‍ത്തികളില്‍ ആരോഗ്യ വകുപ്പും പോലീസും ഇവരുടെ യാത്രാ രേഖകള്‍ പരിശോധിച്ച ശേഷമാണ് പ്രവേശനത്തിന് അനുമതി നല്‍കുന്നത്. പ്രായമായര്‍, കുട്ടികള്‍ , സ്ത്രീകള്‍, അസുഖ ബാധിതര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. ദിവസങ്ങളായി വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ നാട്ടിലേക്കെത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്

രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവര്‍ 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. പ്രധാന അതിര്‍ത്തിയായ വാളയാറില്‍ ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവരുടെ ആരോഗ്യ പരിശോധനയുള്‍പ്പെടെ നടത്താനായി വാണിജ്യ നികുതി വകുപ്പിന്റെ പഴയ ചെക്ക് പോസ്റ്റ് കെട്ടിടത്തില്‍ 16 കൗണ്ടറുകളുള്ള സ്ഥിരം പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലേക്കെത്തു ന്ന മലയാളികള്‍ക്കായി 14 കൗണ്ടറുകളും പുറത്തേക്ക് പോവുന്ന ഇതര സംസ്ഥാനക്കാര്‍ക്കായി രണ്ട് കൗണ്ടറുകളുമാണ് ഒരുക്കിയിട്ടുള്ളത്. വാഹനങ്ങളിലെ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ അണുവിമുക്തമാക്കിയ ശേഷമാണ് കടത്തി വിടുന്നത്. ടാക്‌സി വാഹനങ്ങളിലുള്ള യാത്രയ്ക്ക് അതിര്‍ത്തി വരെ മാത്രമേ അനുമതിയുള്ളൂ. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അതിര്‍ത്തി കടന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News