മുംബൈയില്‍ അതീവ ഗുരുതരാവസ്ഥ; മെയ് 17 വരെ 144 പ്രഖ്യാപിച്ചു

മുംബൈയില്‍ കോവിഡ് വ്യാപനം പതിനായിരം കടക്കുമ്പോഴും രോഗ പ്രതിരോധനത്തിനായുള്ള മാനദണ്ഡങ്ങള്‍ കാറ്റി പറത്തിയാണ് ജനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാകുന്നത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ (സിആര്‍പിസി) സെക്ഷന്‍ 144 മുംബൈയില്‍ മെയ് 17 വരെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്.

ഇതോടെ മെഡിക്കല്‍ കാരണങ്ങളൊഴികെ എല്ലാ അനിവാര്യ സേവനങ്ങള്‍ക്കും ഒന്നോ അതിലധികമോ വ്യക്തികള്‍ ഒത്തു കൂടുന്നത് അനുവദിക്കില്ല. വാഹനങ്ങളുടെ കാര്യത്തിലും കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ ലോക് ഡൌണ്‍ കാലാവധി മെയ് 17 വരെ നീട്ടിയതോടെ നിലവിലെ മാനദണ്ഡമനുസരിച്ച്, പച്ച, ഓറഞ്ച് മേഖലകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ഇതിന് പുറകെ ചില പ്രാദേശിക മദ്യവില്‍പ്പന ഷോപ്പുകള്‍ തുറന്നതോടെയുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളാണ് മുംബൈയില്‍ 144 അടിച്ചേല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

ഷോപ്പുകളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ടോക്കണുകള്‍ നല്‍കുവാന്‍ തീരുമാനിച്ചിരിക്കയാണ്. ശാരീരിക അകലം പാലിക്കുവാനായി ഏര്‍പ്പെടുത്തുന്ന ടോക്കണ്‍ സംവിധാനങ്ങളും ഫലം കണ്ടില്ലെങ്കില്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും മുംബൈ പോലീസ് ഔദ്യോദിക ട്വീറ്റിലൂടെ അറിയിച്ചു.

മുംബൈയിലെ ആകെ കേസുകളുടെ എണ്ണം പതിനായിരം കടക്കുമ്പോഴും ശാസ്ത്രീയമായ രീതിയില്‍ മാരകമായ വൈറസിനെ പ്രതിരോധിക്കുവാനുള്ള നടപടികളോ സാധാരണക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുവാനോ ഇനിയും കഴിഞ്ഞിട്ടില്ലെന്ന പരാതികള്‍ നിലനില്‍ക്കുന്നുണ്ട്.

അതിഥി തൊഴിലാളികള്‍ക്ക് മടങ്ങി പോകുവാന്‍ വേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ആയിരങ്ങളാണ് പലയിടങ്ങളിലും തിക്കും തിരക്കും കൂട്ടുന്നതെന്ന വിവരങ്ങളാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

കൃത്യമായ ആസൂത്രണങ്ങളുടെ പോരായ്മയാണ് കോവിഡിനെ പ്രതിരോധിക്കുന്നതില്‍ നഗരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ബാന്ദ്രയില്‍ 1000 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ പണി ഇപ്പോഴാണ് ആരംഭിച്ചിരിക്കുന്നത്.

കോവിഡ് ഭീതിയില്‍ നിരവധി സ്വകാര്യ ആശുപത്രികള്‍ അടച്ചു പൂട്ടിയ സാഹചര്യത്തില്‍ ഇവ ഏറ്റെടുക്കുകയോ തുറന്ന് പ്രവര്‍ത്തിക്കുവാനുള്ള നടപടികള്‍ എടുക്കുകയോ ഇനിയും ചെയ്തിട്ടില്ല. നിരവധി രോഗികളാണ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here