ഇന്ന് മൂന്നു പേര്‍ക്ക് കൊറോണ; മൂന്നും വയനാട്ടില്‍; നാലു ജില്ലകള്‍ കൊവിഡ് മുക്തം, പുതിയ ഹോട്ട് സ്‌പോര്‍ട്ടില്ല: പ്രവാസികളുടെ മടങ്ങിവരവിന് ക്രമീകരണങ്ങളൊരുക്കി, ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വയനാട് ജില്ലയിലെ മൂന്നു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച ഡ്രൈവറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡ്രൈവറുടെ അമ്മ, ഭാര്യ, വണ്ടിയുടെ ക്ലീനറുടെ മകന്‍ എന്നിവര്‍ക്കാണ് രോഗം വന്നത്. മറ്റു സംസ്ഥാനങ്ങളില്‍ പോയി വരുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ അയഞ്ഞാല്‍ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗബാധയുള്ള ആരുടെയും ഫലം ഇന്ന് നെഗറ്റീവ് ആയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സംസ്ഥാനത്ത് നിലവില്‍ 37 പേരാണ് ചികിത്സയിലുള്ളത്. കണ്ണൂര്‍: 18, കോട്ടയം: 6, വയനാട്: 4, കൊല്ലം: 3, കാസര്‍കോട്: 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒരോരുത്തര്‍ വീതമാണ് ചികിത്സയില്‍ കഴിയുന്നത്.

21,342 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 21,034 പേര്‍ വീടുകളിലും 308 പേര്‍ ആശുപത്രിയിലുമാണ്. ഇന്നു മാത്രം 86 പേരെ ആശുപത്രിയിലേക്ക് മാറ്റി. നാലു ജില്ലകള്‍ കൊവിഡ് മുക്തമാണെന്നും പുതിയ ഹോട്ട് സ്‌പോര്‍ട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ മടങ്ങിവരവിന് ക്രമീകരണങ്ങളൊരുങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം 2250 പേര്‍ എത്തും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലേക്ക് ആകെ കൊണ്ടുവരുന്നത് 80,000 പേരെയാണ് എന്നും ഒരു വിവരമുണ്ട്. പക്ഷേ അടിയന്തരമായി നാട്ടില്‍ എത്തിക്കേണ്ടവരുടെ മുന്‍ഗണനാപട്ടിക കേരളം തയ്യാറാക്കിയപ്പോള്‍ 1,69,130 പേരുണ്ട്. തിരിച്ചു വരാന്‍ നോര്‍ക്ക വഴി താത്പര്യം അറിയിച്ചത് 4.42 ലക്ഷം പേരാണ്.

തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കി കിട്ടാത്തവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക് ഡൗണ്‍ കാരണം മാതാപിതാക്കളില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, വീസാ കാലവധി കഴിഞ്ഞവര്‍ ഇവരെയെല്ലാം നാട്ടിലേക്ക് കൊണ്ടു വരണം എന്നാണ് കേരളം ആവശ്യപ്പെട്ടത്. ഈ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

ആദ്യഘട്ടത്തില്‍ തന്നെ ഇവരെയെല്ലാം നാട്ടിലേക്ക് കൊണ്ടു വരണമെന്നാണ് നമ്മള്‍ ആവശ്യപ്പെട്ടത്. സംസ്ഥാനം ഔദ്യോഗിക വെബ്‌സൈറ്റ് വഴി ശേഖരിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിനും ബന്ധപ്പെട്ട എംബസികള്‍ക്കും കൈമാറേണ്ടതുണ്ട്. എന്നാല്‍ വിവരങ്ങള്‍ കൈമാറേണ്ട സംവിധാനം ഇതുവരെ നിലവില്‍ വന്നിട്ടില്ലെന്നും കേന്ദ്രസര്‍ക്കാരോ എംബസിയോ വിവരങ്ങള്‍ തന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മുന്‍ഗണനാലിസ്റ്റിലുള്ളവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണം എന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലൂടേയും പ്രവാസികളെ കൊണ്ടു വരാം എന്നിരിക്കേ കണ്ണൂര്‍ വിമാനത്താവളം വഴി ആരേയും കൊണ്ടു വരുന്നില്ല. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 69,120 പേര്‍ കണ്ണൂരിലേക്ക് വരാനാണ് താത്പര്യപ്പെട്ടത്. ഈ ലോക്ക് ഡൗണിന്റെ കാലത്ത് മറ്റിടങ്ങളില്‍ വിമാനം ഇറങ്ങിയാല്‍ അവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് ഊഹിക്കാം. ഇക്കാര്യവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളില്‍ കൊവിഡ് പരിശോധന നടത്തണം;
അല്ലെങ്കില്‍ അപകടം, രാജ്യത്താകെ രോഗവ്യാപനം;
കേന്ദ്രം പുനഃപരിശോധന നടത്തണം


തിരുവനന്തപുരം:
വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രവാസികളെ അവിടെ കൊവിഡ് പരിശോധന നടത്താതെ കൊണ്ടുവരുന്നത് വലിയ അപകടം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി.

വിമാനങ്ങളില്‍ ഇരുനൂറോളം പേരുണ്ടാകും. അവരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് കൊവിഡ് രോഗമുണ്ടെങ്കില്‍ അത് വിമാനത്തിലുള്ള എല്ലാവരെയും ബാധിക്കും. ഇത് രാജ്യത്താകെ രോഗവ്യാപനമുണ്ടാകാന്‍ ഇടയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ കൊവിഡ് പരിശോധന നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാത്രമല്ല, രാജ്യത്തെമ്പാടും രോഗവ്യാപന സാധ്യത കൂട്ടാന്‍ കാരണമാകുന്നതാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിട്ടയോടെയുള്ള പദ്ധതികളാണ് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി കേരളം ആവിഷ്‌കരിച്ചിരിക്കുന്നത്. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒരു ഇളവും അനുവദിക്കാനാവില്ല. വിദേശ രാജ്യങ്ങളിലുള്ളവര്‍ തിരിച്ചെത്തെണ്ടേത് അത്യാവശ്യമാണ്. എന്നാല്‍ കോവിഡ് തടയുകയെന്ന ലക്ഷ്യത്തില്‍ നിന്ന് മാറാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിക്കുന്നത് ദൌര്‍ഭാഗ്യകരമാണ്. നേരത്തെ ഇറാനില്‍ നിന്നും ഇറ്റലിയില്‍ നിന്നും ആളുകളെത്തിയപ്പോള്‍ നേരത്തെ തന്നെ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം അവിടെ പോയി പരിശോധന നടത്തിയിരുന്നു. വിമാനങ്ങളിലെ യാത്ര വൈറസ് വ്യാപന സാധ്യത കൂട്ടുമെന്നതിനാല്‍ ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മടങ്ങിയെത്തുന്ന പ്രവാസികള്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി; ശേഷം പിസിആര്‍ ടെസ്റ്റ്

തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ ഏഴ് ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഏഴ് ദിവസത്തിന് ശേഷം പിസിആര്‍ ടെസ്റ്റ് നടത്തും. ഇതില്‍ ഫലം നെഗറ്റീവാണെങ്കില്‍ വീടുകളിലേക്ക് പോകാം. പോസിറ്റീവാണെങ്കില്‍ ആശുപത്രിയില്‍ ചികിത്സയിക്കായി വിടും. നെഗറ്റീവായവര്‍ വീടുകളിലും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിമാനത്താവളങ്ങളോട് ചേര്‍ന്നുള്ള നിരീക്ഷണകേന്ദ്രങ്ങള്‍ കൂടാതെ അവരുടെ ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് അവരെ കൊണ്ടു പോകും. ഇതുവരെ രണ്ടരലക്ഷം കിടക്കുകള്‍ ഈ രീതിയില്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 1.63 ലക്ഷം കിടക്കള്‍ ഇപ്പോള്‍ തന്നെ സജ്ജമാണ്. ബാക്കിയുള്ളവയും ഉടനെ തയ്യാറാക്കും.

സംസ്ഥാനത്തെ ഒഴിഞ്ഞു കിടക്കുന്ന വീടുകളും ക്വാറന്റൈന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. 45000ത്തില്‍ അധികം പിസിആര്‍ ടെസ്റ്റ് കിറ്റുകള്‍ ഇവിടെയുണ്ട്. കൂടുതല്‍ കിറ്റുകള്‍ ഓര്‍ഡര്‍ കൊടുത്തു. ഈ മാസത്തില്‍ തന്നെ 60,000 പരിശോധനകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുബായില്‍ നിന്നും മാലിദ്വീപില്‍ നിന്നും കപ്പലുകള്‍ വഴിയും പ്രവാസികള്‍ മടങ്ങിയെത്തും. കൊച്ചിയിലേക്കാണ് കപ്പലുകള്‍ വരുന്നത്. ഈ സാഹചര്യത്തില്‍ തുറമുഖത്തും ആവശ്യമായ സൗകര്യം ഒരുക്കും. കൊച്ചി പോര്‍ട്ട് ട്രസ്റ്റുമായും നാവികസേനയുമായും സഹകരിച്ച് ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News