ഇടുക്കി: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട കട തുറക്കാനെത്തിയപ്പോള്‍, കാത്തിരുന്നത് വലിയൊരു ഉടുമ്പാണ്. തൊടുപുഴ ഒളമറ്റത്തെ പോള്‍സണ്‍ ടയര്‍ കടയിലാണ് ഈ അതിഥി കഴിഞ്ഞിരുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഉടുമ്പിനെ പിടികൂടി.
ലോക്ക്ഡൗണിന്റെ കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കട തുറക്കാനെത്തിയതായിരുന്നു ഉടമകളായ സാജന്‍ പോളും സഹോദരന്‍ സജി പോളും. ഷട്ടര്‍ ഉയര്‍ത്തിയപ്പോള്‍ കണ്ടത് വലിയ ഉടുമ്പിനെയാണ്.
വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയതോടെ, പിടികൂടാന്‍ നാട്ടുകാരുടെ ശ്രമം. കയറിട്ട് കുരുക്കി കടയുടെ പുറത്തെത്തിച്ചു.
ചാക്കിലാക്കാനുള്ള ശ്രമം പക്ഷേ വിഫലമായി. രക്ഷപ്പെടാന്‍ ശ്രമിച്ച ഉടുമ്പിന് പിറകെ നാട്ടുകാരും. വീണ്ടും പിടികൂടി. അപ്പോഴേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുമെത്തി. പിന്നീട് ചാക്കിലാക്കിയ ഉടുമ്പിനെ കുളമാവ് വനമേഖലയില്‍ വിട്ടയക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വനമേഖലയല്ലാത്ത ഇവിടെ ഇത്ര വലിയ ഉടുമ്പിനെ കാണുന്നത് ഇതാദ്യമാണ്. സമീപത്തെ കൃഷിയിടത്തില്‍ നിന്നാവാം ഉടുമ്പ് എത്തിയതെന്ന് കരുതുന്നു.

Get real time update about this post categories directly on your device, subscribe now.