മടങ്ങിയെത്തുന്ന പ്രവാസികള്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി; ശേഷം പിസിആര്‍ ടെസ്റ്റ്, പോസിറ്റീവാണെങ്കില്‍ ആശുപത്രിയില്‍

തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ ഏഴ് ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഏഴ് ദിവസത്തിന് ശേഷം പിസിആര്‍ ടെസ്റ്റ് നടത്തും. ഇതില്‍ ഫലം നെഗറ്റീവാണെങ്കില്‍ വീടുകളിലേക്ക് പോകാം. പോസിറ്റീവാണെങ്കില്‍ ആശുപത്രിയില്‍ ചികിത്സയിക്കായി വിടും. നെഗറ്റീവായവര്‍ വീടുകളിലും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിമാനത്താവളങ്ങളോട് ചേര്‍ന്നുള്ള നിരീക്ഷണകേന്ദ്രങ്ങള്‍ കൂടാതെ അവരുടെ ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് അവരെ കൊണ്ടു പോകും. ഇതുവരെ രണ്ടരലക്ഷം കിടക്കുകള്‍ ഈ രീതിയില്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 1.63 ലക്ഷം കിടക്കള്‍ ഇപ്പോള്‍ തന്നെ സജ്ജമാണ്. ബാക്കിയുള്ളവയും ഉടനെ തയ്യാറാക്കും.

സംസ്ഥാനത്തെ ഒഴിഞ്ഞു കിടക്കുന്ന വീടുകളും ക്വാറന്റൈന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. 45000ത്തില്‍ അധികം പിസിആര്‍ ടെസ്റ്റ് കിറ്റുകള്‍ ഇവിടെയുണ്ട്. കൂടുതല്‍ കിറ്റുകള്‍ ഓര്‍ഡര്‍ കൊടുത്തു. ഈ മാസത്തില്‍ തന്നെ 60,000 പരിശോധനകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുബായില്‍ നിന്നും മാലിദ്വീപില്‍ നിന്നും കപ്പലുകള്‍ വഴിയും പ്രവാസികള്‍ മടങ്ങിയെത്തും. കൊച്ചിയിലേക്കാണ് കപ്പലുകള്‍ വരുന്നത്. ഈ സാഹചര്യത്തില്‍ തുറമുഖത്തും ആവശ്യമായ സൗകര്യം ഒരുക്കും. കൊച്ചി പോര്‍ട്ട് ട്രസ്റ്റുമായും നാവികസേനയുമായും സഹകരിച്ച് ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News