പരിചയപ്പെട്ടത് ഫെയ്‌സ്ബുക്ക് വഴി; കേബിള്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊന്നു, പെട്രോളൊഴിച്ച് കത്തിക്കാനും ശ്രമിച്ചു; കുഴിച്ചിടുന്നതിന് മുമ്പ് ശരീര ഭാഗങ്ങള്‍ മുറിച്ചു മാറ്റി; സുചിത്ര കൊലപാതകത്തിന്റെ ചുരുളഴിയുന്നു

പാലക്കാട്: കൊല്ലം സ്വദേശി സുചിത്ര കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പ്രശാന്തിനെ പാലക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ മണലിയിലെ വാടക വീടിന്റെ പരിസരത്ത് നിന്ന് കൊലപാതക നടത്താന്‍ ഉപയോഗിച്ച മണ്‍വെട്ടിയും, സുചിത്രയുടെ സ്വര്‍ണ്ണാഭരണവും കണ്ടെടുത്തു. മൃതദേഹം മുറിക്കാനുപയോഗിച്ച കത്തി കണ്ടെത്താനായില്ല.

സുചിത്രയെ കൊലപ്പെടുത്തിയ മണലിയിലെ വാടക വീട്ടില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് അസി. കമ്മീഷണര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലാണ് പ്രതി പ്രശാന്തിനെ തെളിവെടുപ്പിനെത്തിച്ചത്. കൊലപാതകം നടത്തിയതെങ്ങനെയെന്ന് പ്രശാന്ത് വിശദീകരിച്ചു.

പ്രതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന് ഉപയോഗിച്ച മണ്‍വെട്ടി, മൃതദേഹം കത്തിക്കാനുപയോഗിച്ച പെട്രോള്‍ സൂക്ഷിച്ച കാന്‍, സുചിത്രയുടെ അഞ്ചര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തുടങ്ങിയവ വീടിന് സമീപത്തുനിന്ന് കണ്ടെടുത്തു. തെളിവ് നശിപ്പിക്കാനായി സുചിത്രയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതി കാട്ടില്‍ വലിച്ചെറിഞ്ഞിരുന്നു.

ഏപ്രില്‍ 29നാണ് പ്രശാന്ത് താമസിക്കുന്ന മണലിയിലെ വാടക വീടിനടുത്തുള്ള ചതുപ്പില്‍ കൊന്ന് കുഴിച്ച് മൂടിയ നിലയില്‍ സുചിത്രയുടെ മൃതദേഹം കണ്ടെത്തിയത്. മാര്‍ച്ച് 17 നാണ് പ്രശാന്തിനൊപ്പം സുചിത്ര പാലക്കാടെത്തിയത്.
മാര്‍ച്ച് 20നാണ് സുചിത്ര കൊല്ലപ്പെട്ടത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുചിത്രയുമായി പ്രശാന്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. മറ്റൊരാളുമായി യുവതിക്ക് അടുപ്പമുള്ളതായി പ്രശാന്ത് അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

യുവതിയെ കേബിള്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. കുഴിച്ചിടുന്നതിന് മുമ്പ് ശരീര ഭാഗങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. കൊലപാതകത്തിനുപയോഗിച്ച കേബിള്‍ കത്തിച്ചു കളഞ്ഞിരുന്നു.

ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. പ്രധാന തെളിവായതിനാല്‍ കത്തിക്കായി രണ്ട് ദിവസത്തിനു ശേഷം വീണ്ടും തിരച്ചില്‍ നടത്തും. നേരത്തെ ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രശാന്തിനെ കോഴിക്കോട്ടെത്തിച്ചും തെളിവെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News