പ്രവാസികളില്‍ കൊവിഡ് പരിശോധന നടത്തണം; അല്ലെങ്കില്‍ അപകടം, രാജ്യത്താകെ രോഗവ്യാപനം; കേന്ദ്രം പുനഃപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രവാസികളെ അവിടെ കൊവിഡ് പരിശോധന നടത്താതെ കൊണ്ടുവരുന്നത് വലിയ അപകടം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി.

വിമാനങ്ങളില്‍ ഇരുനൂറോളം പേരുണ്ടാകും. അവരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് കൊവിഡ് രോഗമുണ്ടെങ്കില്‍ അത് വിമാനത്തിലുള്ള എല്ലാവരെയും ബാധിക്കും. ഇത് രാജ്യത്താകെ രോഗവ്യാപനമുണ്ടാകാന്‍ ഇടയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ കൊവിഡ് പരിശോധന നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാത്രമല്ല, രാജ്യത്തെമ്പാടും രോഗവ്യാപന സാധ്യത കൂട്ടാന്‍ കാരണമാകുന്നതാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിട്ടയോടെയുള്ള പദ്ധതികളാണ് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി കേരളം ആവിഷ്‌കരിച്ചിരിക്കുന്നത്. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒരു ഇളവും അനുവദിക്കാനാവില്ല. വിദേശ രാജ്യങ്ങളിലുള്ളവര്‍ തിരിച്ചെത്തെണ്ടേത് അത്യാവശ്യമാണ്. എന്നാല്‍ കോവിഡ് തടയുകയെന്ന ലക്ഷ്യത്തില്‍ നിന്ന് മാറാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിക്കുന്നത് ദൌര്‍ഭാഗ്യകരമാണ്. നേരത്തെ ഇറാനില്‍ നിന്നും ഇറ്റലിയില്‍ നിന്നും ആളുകളെത്തിയപ്പോള്‍ നേരത്തെ തന്നെ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം അവിടെ പോയി പരിശോധന നടത്തിയിരുന്നു. വിമാനങ്ങളിലെ യാത്ര വൈറസ് വ്യാപന സാധ്യത കൂട്ടുമെന്നതിനാല്‍ ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here