കൊവിഡ് വൈറസ് വാക്സിനുകൾ മൂന്നാഴ്ചക്കകം വിപണിയിലെത്തിക്കുമെന്ന് അവകാശപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനി

കൊവിഡ് വൈറസ് വാക്സിനുകൾ മൂന്നാഴ്ചക്കകം 1,000 രൂപയ്ക്ക് വിപണിയിലെത്തിക്കാൻ കഴിയുമെന്ന് കമ്പനി.

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനിയായ സെറം ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഡ് -19 വൈറസിനെ പ്രതിരോധിക്കുവാനുള്ള മരുന്നുമായി വിപണിയിലെത്തുന്നത്. യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയുമായി ചേർന്നാണ് വാക്‌സിൻ ഉൽപ്പാദിപ്പിക്കുന്നതെന്ന് കമ്പനി ഡയറക്ടർ പി സി നമ്പ്യാർ കൈരളി ന്യൂസിനോട് പറഞ്ഞു.

മെയ് അവസാനത്തോടെ വാക്സിന്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാനും ജൂൺ മുതൽ ഒക്ടോബർ വരെയുള്ള നാല് മാസത്തെ കാലാവധിക്കുള്ളിൽ ഏകദേശം രണ്ടു കോടി വാക്‌സിൻ ഉല്പാദിപ്പിക്കുവാൻ കഴിയുമെന്ന പ്രത്യാശയിലാണ് കമ്പനിയെന്നും നമ്പ്യാർ വ്യക്തമാക്കി.

1966 ൽ സൈറസ് പൂനവാല സ്ഥാപിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവാണ്. ലോകമെമ്പാടുമുള്ള 65 ശതമാനം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് ചെയ്യുന്ന സ്ഥാപനമാണ് പുണെ ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റ്യൂട്ട്.

ഏകദേശം 1000 രൂപയ്ക്ക് വാക്സിന്‍ രോഗികളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനവാല വ്യക്തമാക്കിയിരുന്നു. യു.കെയിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരുമായി സഹകരിക്കാന്‍ കഴിഞ്ഞതോടെ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ സാധിച്ചുവെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദര്‍ പൂനവാല പറഞ്ഞു.

ഓക്സ്ഫോര്‍ഡ് സർവകലാശാല ശാസ്ത്രജ്ഞന്മാരടങ്ങുന്ന ടീമായിരുന്നു എബോളയ്ക്കെതിരായ വാക്സിന്‍ വികസിപ്പിച്ചത്. അതുകൊണ്ട് തന്നെ അവരില്‍ പുതിയ വാക്സിന്റെ കാര്യത്തിലും വിശ്വാസമുണ്ടെന്ന് അദര്‍ പൂനവാല പറഞ്ഞു. മുന്‍പ് മലേറിയ വാക്സിന്റെ നിര്‍മാണത്തിനു വേണ്ടിയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാല സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ചിരുന്നു.

യു.കെയിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലാണ് കമ്പനി. കോവിഡ് -19 വൈറസിനെ പരാജയപ്പെടുത്തുന്നതിനായി മൂന്ന് നിർണായക സംരംഭങ്ങൾക്ക് തുടക്കമിട്ട ശേഷം സെറം ഇൻസ്റ്റിറ്റ്യൂട്ട് ആഗോള തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

വാക്സിനേഷൻ ക്ലിനിക്കൽ പരീക്ഷണത്തിന്റെ അവസാനഘട്ടത്തിൽ നിൽക്കുമ്പോൾ ഇനി പ്രത്യാശയുടെ നാളുകളാണ് കാത്തിരിക്കുന്നതെന്ന് മുംബൈയിലെ സാമൂഹിക ശാസ്ത്രജ്ഞനായ ഡോ അപ്രൈൻ പറഞ്ഞു.

സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കയുടെ അനശ്ചിതാവസ്ഥക്കാണ് വാക്‌സിൻ പരിഹാരമാകുന്നതെന്നും ഈ മഹാമാരിക്ക് വാക്‌സിൻ കണ്ടെത്താനായില്ലെങ്കിൽ ലോകത്ത് ഇനിയുള്ള കാലം സാധാരണ ജീവിതം ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും ഡോ അപ്രൈൻ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും കോവിഡിന് ശേഷമുള്ള സാമൂഹിക ജീവിതം വ്യത്യസ്തമായിക്കുമെന്നും അപ്രൈൻ പറഞ്ഞു.

ഫലപ്രദവും ഉപയോഗത്തിന് സുരക്ഷിതവുമായ വാക്‌സിൻ ഈ മാസം തന്നെ പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതോടെ ഒരു ഡോസിന് വെറും 1,000 രൂപക്ക് വിപണിയിലെത്തിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News