പ്രവാസികൾ നാളെ നാട്ടിലെത്തും; പരിശോധന പുറപ്പെടുന്ന രാജ്യങ്ങളിൽ നടക്കും; തിരിച്ചെത്തിക്കുക‌ രോഗമില്ലാത്തവരെ മാത്രം

വിദേശത്തുനിന്ന്‌ വരുന്ന പ്രവാസികൾ‌ ഒരാഴ്‌ച നിർബന്ധമായും സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിമാനത്താവളങ്ങളിൽനിന്ന്‌ നേരെ വീട്ടിൽ പോകാൻ അനുവദിക്കില്ല. ഒരാഴ്‌ച കഴിഞ്ഞ്‌ പിസിആർ പരിശോധന നടത്തും. രോഗബാധയുണ്ടെങ്കിൽ ആശുപത്രിയിലേക്ക്‌ മാറ്റും.

ഇല്ലെങ്കിൽ വീട്ടിലെത്തിയാലും ഒരാഴ്‌ച ക്വാറന്റൈൻ. അതത് രാജ്യങ്ങളിൽ കോവിഡ്‌ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന ഫലം സമർപ്പിക്കുന്നവരെ മാത്രമേ വിമാനത്തിൽ കയറ്റൂവെന്ന്‌ കേന്ദ്ര സർക്കാർ ചൊവ്വാഴ്‌ച വൈകിട്ട്‌ പുതിയ മാർഗരേഖയിൽ വ്യക്തമാക്കി. പുറപ്പെടുന്ന രാജ്യങ്ങളിൽ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യമാണ്‌ ‌കേന്ദ്രം അംഗീകരിച്ചത്‌.

വിമാനത്തിൽ കയറും മുമ്പ്‌ തെർമൽ സ്‌ക്രീനിങ്‌ നടത്തും. വിമാനത്തിനുള്ളിൽ രോഗലക്ഷണം കാണിച്ചാൽ ഐസൊലേറ്റ് ചെയ്യാൻ ക്രമീകരണം ഉണ്ടാകും. യാത്രയ്ക്കിടയിൽ രോഗം മറ്റാരിൽ നിന്നെങ്കിലും പകരാനുള്ള സാധ്യതയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണം.

നാട്ടിലെത്തിയാൽ കുറഞ്ഞത് 14 ദിവസം ഗവൺമെന്റിന്റെ ക്വാറന്റൈനിൽ കഴിയണം. വീണ്ടും കോവിഡ്‌ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ മാത്രം വീടുകളിലേക്ക് വിടും. വീടുകളിൽ 14 ദിവസം നിർബന്ധിത ക്വാറന്റൈൻ വേണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

പരിശോധനയില്ലാതെ വിമാനത്തിൽ കയറുന്നവരിൽ ഒന്നോ രണ്ടോ പേർക്ക് രോഗം ഉണ്ടെങ്കിൽ അത് സാമൂഹ്യവ്യാപനമുണ്ടാക്കുമെന്നും പുറപ്പെടുന്നിടത്തുതന്നെ പരിശോധിക്കാൻ സംവിധാനമുണ്ടാക്കണമെന്നും ‌ കത്തിലൂടെ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലോകം അംഗീകരിച്ച സുരക്ഷാ മാനദണ്ഡം ലംഘിക്കുന്നത്‌ ദൗർഭാഗ്യമാണ്‌. ഇറ്റലിയിൽനിന്നും ഇറാനിൽനിന്നും ഇന്ത്യക്കാരെ കൊണ്ടുവന്നപ്പോൾ നമ്മുടെ മെഡിക്കൽസംഘം അവിടെ പോയി പരിശോധിച്ചു. ഇത്‌ ഇനിയും വേണം.

സുരക്ഷാ മാനദണ്ഡങ്ങളിൽ ഒരു ഇളവും അനുവദിക്കില്ല. പ്രവാസികളെ തിരിച്ചെത്തിക്കാൻ കേരളം ചിട്ടയായ പദ്ധതി‌ തയ്യാറാക്കി‌. എല്ലാ സജ്ജീകരണവും ഒരുക്കി. അടുത്തയാഴ്ചമുതൽ വിമാനങ്ങൾ വർധിക്കും. ആഴ്ചയിൽ 20,000 പേർ എത്തും‌.

അവരെയെല്ലാം പരിശോധിക്കാനും ക്വാറന്റൈൻ ചെയ്യാനുമുള്ള ദൗത്യമാണ് സർക്കാർ ഏറ്റെടുക്കുന്നത്‌. 45,000ൽ അധികം പിസിആർ ടെസ്റ്റ് കിറ്റുണ്ട്. കൂടുതൽ ഓർഡർ നൽകി. ഈ മാസം അവസാനിക്കുമ്പോൾ ഏതാണ്ട് 60,000 ടെസ്റ്റ്‌ നടത്താൻ കഴിയുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങളോടനുബന്ധിച്ചുള്ളവയ്‌ക്കു പുറമെ പ്രവാസികളുടെ ജില്ലയിൽ സ്വന്തം പ്രദേശങ്ങൾക്ക് അടുത്തുള്ള കേന്ദ്രങ്ങളും ക്വാറന്റൈന്‌ ഉപയോഗിക്കും. ഇത്തരം രണ്ടരലക്ഷം കിടക്കയ്‌ക്കുള്ള സൗകര്യമുണ്ട്. 1.63 ലക്ഷം കിടക്ക തയ്യാറാണ്‌. ബാക്കിയുള്ളവ പൂർണ സജ്ജമാക്കും. ഒഴിഞ്ഞുകിടക്കുന്ന വീടുകളും വേണ്ടിവന്നാൽ ക്വാറന്റൈൻ കേന്ദ്രങ്ങളായി സജ്ജീകരിക്കും.

തീവ്ര രോഗബാധിത മേഖലയിൽനിന്നുള്ളവർ നീരീക്ഷണ കേന്ദ്രത്തിലേക്ക്‌
വിവിധ സംസ്ഥാനങ്ങളിലെ തീവ്രരോഗബാധിത മേഖലകളിൽനിന്നെത്തുന്നവരെ സർക്കാർ ഏർപ്പെടുത്തിയ നിരീക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റും. ഏഴു ദിവസം നിരീക്ഷണ കേന്ദ്രത്തിൽ കഴിയണം. തുടർന്ന്‌ കോവിഡ്‌ പരിശോധന നടത്തും.

രോഗമുള്ളവരെ ആശുപത്രികളിലേക്ക്‌ മാറ്റും. മറ്റുള്ളവരെ വീടുകളിലേക്കു വിടും. തുടർന്നുള്ള ഏഴു ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. 10 ജില്ലകളാണ്‌ തീവ്ര രോഗബാധിത മേഖലകൾ‌. ഈ ജില്ലകളിൽനിന്ന്‌ വരുന്നവരും ഹോട്ട്‌സ്‌പോട്ടുകളിൽനിന്നു വരുന്നവരെയുമാണ്‌ നിരീക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News