പാലിയേക്കര ടോള്‍ പ്ലാസ തകര്‍ത്ത് കടന്ന വാഹനം പിടികൂടി; വാഹനത്തില്‍ സ്പിരിറ്റില്ല, പുകയില ഉല്‍പ്പന്നങ്ങളും മൂന്നുലക്ഷം രൂപയും

പാലക്കാട്: സ്പിരിറ്റ് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം പിന്തുടരുമ്പോള്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്ത് നിര്‍ത്താതെ പോയ വാഹനം പിടികൂടി.

ചിറ്റൂരില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് തവിട് മാത്രമാണ് കണ്ടെത്തിയത്. തവിടിനിടയില്‍ നിരോധിത പുകയില ഉത്പന്നങ്ങളുണ്ടായിരുന്നതിനാലാണ് വാഹനം നിര്‍ത്താതെ പോയതെന്നാണ് വാഹനമുടമയും ഡ്രൈവറും മൊഴി നല്‍കിയിരിക്കുന്നത്.

ചാലക്കുടിയില്‍ സ്പിരിറ്റ് കൈമാറ്റം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനക്കിടെ മാര്‍ച്ച് 4 ന് പുലര്‍ച്ചെയാണ് പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയത്. പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്ത് പോയ പിക്കപ്പ് വാന്‍ ചിറ്റൂര്‍ നാടുകല്ലില്‍ നിര്‍ത്തിയിട്ട നിലയിലാണ് കണ്ടെത്തിയത്.

ചാക്കില്‍ നിറച്ച തവിട് മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് വാഹനമുടമ അരുള്‍ ജ്യോതിയെയും ഡ്രൈവര്‍ വിനയന്‍ ദാസിനെയും കസ്റ്റഡിയിലെടുത്തു.

പൊള്ളാച്ചിയില്‍ നിന്ന് വില്‍പനയ്‌ക്കെത്തിച്ച ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങളും വില്‍പന നടത്തി ലഭിച്ച മൂന്ന് ലക്ഷം രൂപയും വാഹനത്തിലുണ്ടായിരുന്നതിനാലാണ് എക്‌സൈസ് പരിശോധന വെട്ടിച്ച് നിര്‍ത്താതെ പോയതെന്നാണ് ഇവര്‍ നല്‍കിയ മൊഴി.

ഡ്രൈവറുള്‍പ്പെടെ വാഹനത്തില്‍ രണ്ടു പേരാണുണ്ടായിരുന്നത്. ഒന്‍പതിനായിരം പാക്കറ്റ് ഹാന്‍സ് വാഹനത്തിലുണ്ടായിരുന്നുവെന്നും ഇത് പല സ്ഥലങ്ങളിലും വില്‍പന നടത്തിയെന്നും ഡ്രൈവര്‍ പറഞ്ഞു.

പിക്കപ്പ് വാനിന്റെ നമ്പര്‍ വ്യാജമായിരുന്നില്ലെന്ന് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെളിവില്ലാത്തതിനാല്‍ എക്‌സൈസ് കേസെടുത്തിട്ടില്ല. ടോള്‍ പ്ലാസ തകര്‍ത്തതിന് പോലീസ് കേസെടുക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here