മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്റൈന്‍ ഇളവ്

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന ഗര്‍ഭിണികളെ ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഗര്‍ഭിണികള്‍ക്ക് വീടുകളിലേക്ക് പോകാം. അവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. മറ്റുള്ളവര്‍ പൊതുവായ കേന്ദ്രങ്ങളിലും നിരീക്ഷണത്തില്‍ കഴിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലോക് ഡൗണ്‍ കാരണം വിദേശരാജ്യങ്ങളില്‍ പെട്ട് പോയ കേരളീയര്‍ നാളെ മുതല്‍ കേരളത്തിലെത്തും. ഇതിനായുള്ള നടപടിക്രമങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിമാനങ്ങളിലും പ്രതിരോധ വകുപ്പ് ഏര്‍പ്പെടുത്തിയ കപ്പലുകളിലാണ് ഇവര്‍ വരുന്നത്. നാളെ രണ്ട് വിമാനങ്ങള്‍ വരുമെന്നാണ് ഔദ്യോഗിക വിവരം.

അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും സൗദിയില്‍ നിന്ന് കോഴിക്കോട്ടേക്കും. നാട്ടിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യകാരണം മുന്‍നിര്‍ത്തി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ മറുപടി ലഭിച്ചിട്ടില്ല.

മടങ്ങി വരുന്ന ഓരോ മലയാളിയുടെയും കാര്യത്തില്‍ കരുതലോടെ ഇടപെടും. വരുന്നവര്‍ താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം ജാഗ്രത പാലിക്കണം. വിമാനത്താവളം മുതല്‍ ആ ജാഗ്രത ഉണ്ടാകണം. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here