ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ പരസ്യമാക്കി ഫ്രഞ്ച് ഹാക്കര്‍; ”മോദിയുടെ ഓഫീസിലെ അഞ്ചുപേര്‍ക്ക് ശാരീരിക അസ്വസ്ഥത, മൂന്നു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ”; ഇനിയും വെളിപ്പെടുത്തലുകള്‍ വേണോ?

ദില്ലി: ആരോഗ്യ സേതു ആപ്പിന് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ആപ്പിലെ വിവരങ്ങള്‍ പരസ്യമാക്കി ഫ്രഞ്ച് ഹാക്കര്‍.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ മൂന്നു പേര്‍ക്ക് കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത നേരിട്ടെന്നും മൂന്നു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധയുണ്ടെന്നും ഹാക്കര്‍ ഇല്ലിയട്ട് ആല്‍ഡേഴ്സണ്‍ വെളിപ്പെടുത്തി. ആപ്പ് സുരക്ഷിതമെന്ന സര്‍ക്കാര്‍ വിശദീകരണത്തിന് പിന്നാലെയാണ് ഇത് പൊളിക്കുന്ന വെളിപ്പെടുത്തലുകള്‍.

ഏത് രാജ്യത്ത് നിന്നും സാങ്കേതിക വൈദഗ്ദ്യമുള്ള ഒരാള്‍ക്ക് ആരോഗ്യ സേതു ആപ്പിലൂടെ വ്യക്തിയുടെ എല്ലാ വിവരങ്ങളും യഥേഷ്ടം ശേഖരിക്കാന്‍ പറ്റുമെന്ന് തെളിയുകയാണ്. സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും ആരോഗ്യ സേതുവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വ്യക്തി വിവരങ്ങള്‍ സുരക്ഷിതമാണെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം വന്നതിന് മണിക്കൂറുകള്‍ക്കുള്ളില്‍ ആരോഗ്യ സേതു ആപ്പ് ഹാക്ക് ചെയ്ത് ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധനും എത്തിക്കല്‍ ഹാക്കറുമായ ഇല്ലിയട്ട് ആല്‍ഡേര്‍സണ്‍ ഈ അവകാശ വാദം പൊളിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ 5 പേര്‍ക്ക് ഇന്നലെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു, ആര്‍മി ആസ്ഥാനത്ത് 2 പേര്‍ക്കും. ആഭ്യന്തര മന്ത്രാലയത്തിലെ 3 പേര്‍ക്കും പാര്‍ലമെന്റില്‍ ഒരാള്‍ക്കും വൈറസ് ബാധയുണ്ട് ഇങ്ങനെ പോകുന്നു ഹാക്കറുടെ വെളിപ്പെടുത്തല്‍. ഇനിയും വെളിപ്പെടുത്തലുകള്‍ തുടരണമോ എന്ന് ചോദിച്ച ഹാക്കര്‍ ആപ്പ് സജ്ജമാക്കിയത് ഏത് പ്രോഗ്രാമിങ് ഭാഷയില്‍ ആണെന്ന് അറിയാന്‍ ആപ്പിന്റെ സോഴ്‌സ് കോഡ് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

സിംഗപ്പൂര്‍, ഐസ്ലാന്‍ഡ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ഇനി ഇന്ത്യയ്ക്കുള്ള അവസരമാണെന്ന് ട്വിറ്ററില്‍ പറയുന്നു. ഇതിനായി ഓപ്പണ്‍ സോഴ്‌സ് ആരോഗ്യ സേതു എന്ന ഹാഷ് ടാഗ് ട്വിറ്റര്‍ ക്യാംപെയിനും തുടക്കം കുറിച്ചു. സോഴ്‌സ് കോഡ് പരസ്യമാക്കിയാല്‍ ആപ്ലിക്കേഷനില്‍ സുരക്ഷാ വീഴ്ചകള്‍ ഉണ്ടോ, വ്യക്തി അറിയാതെ വിവരങ്ങള്‍ ചോര്‍ത്താനാകുമോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനാകും. ഇതിന് വേണ്ടിയാണ് സോഴ്‌സ് കോഡ് വെളിപ്പെടുത്തണമെന്ന് ഹാക്കര്‍ ആവശ്യപ്പെട്ടത്.

നിങ്ങള്‍ ആപ്പ് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അത് ശരിക്കും എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ആല്‍ഡേര്‍സണ്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസം വരെ ഒരു സിംഗിള്‍ കമാന്‍ഡ് ലൈനിലൂടെ ആപ്പിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി. എന്നാല്‍ ഈ പിഴവ് അടുത്തിടെ ആരും അറിയാതെ തിരുത്തി. പക്ഷെ സുരക്ഷാ വീഴ്ച ഇപ്പോളും തുടരുന്നതായി ഹാക്കര്‍ ചൂണ്ടിക്കാട്ടുന്നു.

ആധാര്‍ കാര്‍ഡില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റുകള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ഇയാള്‍ മുന്‍പ് തെളിയിച്ചിരുന്നു. ഹാക്കറുടെ വെളിപ്പെടുത്തല്‍ ട്വിറ്ററില്‍ സജീവ ചര്‍ച്ചയായി തുടങ്ങി. കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വരും ദിവസങ്ങളില്‍ വെളിപ്പെടുത്താല്‍ തുടക്കം കുറിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News